jojo

എല്ലാ നദികളുടെയും ഉദ്ഭവം ഒരുപോലെയാണ്. അഴിമുഖമെത്തുമ്പോഴത്തെ ലയനവും അതുപോലെ. ഇടയ്ക്കുള്ള പ്രവാഹത്തിൽ പല മുഖങ്ങൾ തെളിയും. പല ഭാവങ്ങൾ പ്രതിഫലിക്കും. ഗിരിനിരകളിലെ സ്വഭാവമാകില്ല വെള്ളച്ചാട്ടമെത്തുമ്പോൾ. കാട്ടിലും മേട്ടിലും മണൽപ്പരപ്പിലും വ്യത്യസ്തമായ ഭാവങ്ങൾ. പത്രപ്രവർത്തനത്തിൽ സാഹസികത പ്രതിദ്ധ്വനിക്കുന്ന ഒരു വെള്ളച്ചാട്ടമായിരുന്നു ബി.സി. ജോജോ. കനലുകളുടെ കുത്തൊഴുക്കുപോലെ. അതിശയവും അമ്പരപ്പും സൃഷ്ടിക്കുന്ന ചടുലമായ പ്രവർത്തന ശൈലിയായിരുന്നു ജോജോയുടേത്. താഴ്‌വാരത്തിലെത്തുമ്പോൾ സൗമ്യതയുടെയും വാത്സല്യത്തിന്റെയും കുളിർമ്മയായി അതു മാറി.

ആരോഹണവും അവരോഹണവും നദികളിലും മനുഷ്യജീവിതത്തിലും ഒരുപോലെയാണ്. രണ്ടവസ്ഥയിലും നദിയുടെ ഭാവത്തിലും ഗതിയിലും വ്യത്യാസമുണ്ടെങ്കിലും നിശ്ചലത എന്നൊരവസ്ഥ അതിനില്ല. സദാ ഒഴുകിക്കൊണ്ടേയിരിക്കും. തടശിലയും മൃദുശിലയും അത് ഗണിക്കാറില്ല. ജോജോയുടെ ജീവിതം കർമ്മനിരതമായിരുന്നു. തിരക്കുകളും സൗഹൃദബഹുലതയുമൊന്നും വ്യത്യസ്തനായ ഈ പത്രപ്രവർത്തകനെ ബാധിച്ചില്ല. അതിനു നടുവിൽ നിൽക്കുമ്പോഴും ഒറ്റയാൻ മനസായിരുന്നു. നടപ്പിലും സംഭാഷണത്തിലും ജോലിയിലും അമിത വേഗത. പറയാനുള്ളത് മുഖത്തുനോക്കി പറയും. ഇടിയും മിന്നലും അതോടെ തീരും. അടുത്ത നിമിഷം സമതലത്തിലെത്തുന്ന നദിയാകും. പിന്നെ കൊച്ചുകൊച്ചു തമാശകൾ. അവയ്ക്കുമേൽ ചിന്നിച്ചിതറുന്ന പൊട്ടിച്ചിരി.

ഡൽഹിയിൽ കേരളകൗമുദി ബ്യൂറോയിൽ നരേന്ദ്രൻ സാറിന്റെ സഹപ്രവർത്തകനായി ജോജോ പ്രവർത്തിക്കുന്ന സമയത്ത് ടെലിപ്രിന്റർ വഴിയാണ് വാർത്തകൾ വരുന്നത്. അപ്പോഴേ ബി.സി. ജോജോയെന്ന പേര് ശ്രദ്ധിച്ചു. പിന്നെ കേരളകൗമുദി ഓൺലൈനിലും തിരുവനന്തപുരം ബ്യൂറോയിലും ജോജോ പ്രവർത്തിക്കുമ്പോൾ കൂടുതൽ അടുത്തറിയാനായി. പത്രപ്രവർത്തകനാകാൻ ജനിച്ചയാളെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മറ്റേത് ഉന്നത മണ്ഡലത്തിൽ പ്രവർത്തിച്ചിരുന്നെങ്കിലും ഇത്രത്തോളം സംതൃപ്തിയും നിർവൃതിയും അനുഭവപ്പെടുമായിരുന്നോ എന്നു സംശയം.

കേരള രാഷ്ട്രീയവും പല ഉന്നത നേതാക്കളും കാൽതെന്നി വീണുപോയ പാമോലിൻ സ്റ്റോറി ജോജോയുടെ പത്രപ്രവർത്തന ഉപാസനയുടെ വരസിദ്ധിയായിരുന്നു. ആ സ്റ്റോറിയുടെ തുടക്കം മുതൽ ജോജോ നീണ്ട മൗനത്തിലും തപസിലുമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. വാർത്തയുടെ ഒരു തുമ്പുകിട്ടിയാൽ ഊണും ഉറക്കവും വിശ്രമവും വെടിഞ്ഞ് ഏതറ്റം വരെയും പോകും. അത്രമേൽ വാർത്തകളെ പ്രണയിച്ച മനസായിരുന്നു. പ്രത്യേകിച്ച് അന്വേഷണാത്മക സ്റ്റോറികളിൽ അപാരമായ ഘ്രാണശക്തിയും ഇച്ഛാശക്തിയും ക്രിയാശക്തിയും പ്രകടിപ്പിച്ച മനസായിരുന്നു ജോജോയുടേത്.

പാമോലിൻ ഇറക്കുമതിയിലെ ദുരൂഹതകൾ തേടി പ്രതിസന്ധികളുടെയും ശൂന്യതയുടെയും മണലാരണ്യങ്ങളിലൂടെ ആ പത്രപ്രവർത്തകൻ അലഞ്ഞു. അത്തരം അലച്ചിലുകൾക്കൊടുവിൽ പച്ചപ്പും നീരുറവയും കണ്ടെത്തുമ്പോൾ ആ മനസ് തുള്ളിച്ചാടി. നിഷ്‌കളങ്കനായ ഒരു കുട്ടിയുടെ പ്രകൃതമായിരുന്നു പലപ്പോഴും. അതേസമയം ജോലിക്കാര്യങ്ങളിൽ കണിശതയും കൃത്യതയും നിർബന്ധമായിരുന്നു. മുല്ലപ്പെരിയാർ വിഷയത്തിലും ജോജോയെന്ന പത്രപ്രവർത്തകൻ കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ ബഹുദൂരം സഞ്ചരിച്ചു. ആ സഞ്ചാരവിശേഷങ്ങൾ പങ്കിടാനും പുതുതലമുറയെ ബോധവൽക്കരിക്കാനും എക്സിക്യുട്ടീവ് എഡിറ്റർ സ്ഥാനത്തിരിക്കുമ്പോൾ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

ഗുരുദർശനത്തോടും ഗുരുദേവ കൃതികളോടും വല്ലാത്ത ആഭിമുഖ്യമായിരുന്നു. ഓഫീസിലെ മേശപ്പുറത്ത് ഗുരുദേവ ചിത്രം എപ്പോഴുമുണ്ടാകും. സാഹിത്യം, സംഗീതം, ചിത്രരചന എന്നിവയിൽ ക്ളാസിക്കുകൾക്കൊപ്പം പുതുതലമുറയിലെ ട്രെൻഡ് വരെ ശ്രദ്ധിക്കുകയും ഉൾക്കൊള്ളുകയും ചെയ്തിരുന്നു. വിദ്യാർത്ഥിയായിരിക്കുന്നതു മുതലേ യാത്രകളുടെ ഒരു രാജകുമാരനായിരുന്നു ജോജോയെന്ന് സഹപാഠികൾ പറഞ്ഞുകേട്ടിട്ടുണ്ട്. സാഹസിക യാത്രകളും കാനനയാത്രകളും ഹരമായിരുന്നു.

'മുല്ലപ്പെരിയാറിലേക്ക് വീണ്ടും" എന്ന തന്റെ പുസ്തകത്തിൽ മുല്ലപ്പെരിയാർ കരാറിലെ നിയമസാധുതയില്ലായ്മയിലേക്കുള്ള ഏകാന്ത സഞ്ചാരത്തെക്കുറിച്ച് ജോജോ പറയുന്നുണ്ട്. പലപ്പോഴും അസാധാരണത്വമുള്ള സാധാരണക്കാരുടെ സന്ദേഹങ്ങളിലും നെറ്റിചുളിച്ചുള്ള ചോദ്യങ്ങളിലൂടെയുമാണ് അദ്ദേഹം യാത്രചെയ്തത്. അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ കനൽ കെടാതെ സൂക്ഷിക്കുന്ന ഒരാൾക്കേ അതിനു കഴിയൂ. ഉയർന്ന കൊമ്പിൽ തൊടണമെന്ന വാശിയോ ആർത്തിയോ അല്ല ജോജോയെന്ന പത്രപ്രവർത്തകനെ മോഹിപ്പിച്ചത്. മറ്റാരും പോകാത്ത വഴിയേ സഞ്ചരിക്കണം. മറ്റാരും കാണാത്ത കാഴ്ചകൾ കാണണം. അതിൽനിന്ന് കിട്ടുന്ന അനുഭൂതിയും ആനന്ദവും അമൂല്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു.

ഏറ്റവും പുതിയ പുസ്തകങ്ങൾ വാങ്ങി വായിക്കുന്ന ശീലമായിരുന്നു അദ്ദേഹത്തിന്. വിദേശ യാത്രകൾക്കിടയിൽ ഷേക്‌സ്‌പിയറുടെയും മാർകേസിന്റെയും വസതികൾ സന്ദർശിച്ചതിനെപ്പറ്റി കേരളകൗമുദിയിൽ ഹൃദ്യമായി എഴുതിയിരുന്നു. കേരളകൗമുദി ആഴ്ചപ്പതിപ്പിൽ 'തിരയും തീരവും" എന്ന പംക്തിയിൽ ജീവിതാനുഭവങ്ങളുടെ നിറക്കൂട്ടായിരുന്നു. വാർത്തകളിലൂടെ പോരാടുമ്പോഴും അതിന് വിധേയരാകുന്ന വ്യക്തികളോട് അടുത്ത ബന്ധം പുലർത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. നടക്കുമ്പോഴും ഇരിക്കുമ്പോഴും വിശ്രമിക്കുമ്പോഴും അടിമുടി പത്രപ്രവർത്തകനായിരുന്നു ജോജോ. കേരളകൗമുദിയുടെ നവീകരണ സംരംഭങ്ങളിലെല്ലാം ജോജോ സജീവമായി പ്രവർത്തിച്ചു. ശ്രീനാരായണ ഡയറക്ടറി, കേരളകൗമുദി ഫ്ലാഷ്, കേരളകൗമുദി ചരിത്രം എന്നിവ ജോജോ എക്സിക്യുട്ടീവ് എഡിറ്റർ ആയിരിക്കുമ്പോൾ ഉണ്ടായവയാണ്.

2011 നവംബറിൽ നടത്തിയ ദക്ഷിണ അമേരിക്കൻ യാത്രയിൽ സഞ്ചാരപ്രിയമായ മനസിനൊപ്പം പത്രപ്രവർത്തകന്റെ പുകയുന്ന മനസും ജോജോ കൊണ്ടുപോയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ നോക്കാം: 'എനിക്ക് ഏറ്റവും പ്രിയപ്പെട്ട ലാറ്റിനമേരിക്കൻ എഴുത്തുകാരാണ് മാർകേസും യോസയും നെരുദയും ബോർഹെസും. ഇവരുടെ രാജ്യങ്ങളായ കൊളംബിയ, പെറു, ചിലി, അർജന്റീന എന്നിവയിലൂടെയാണ് ഞങ്ങളുടെ പര്യടനം. ചിലിയുടെ തലസ്ഥാനമായ സാന്റിയോഗയിലെത്തിയപ്പോഴാണ് ഫോൺ വന്നത്. ഒരുമണിക്കൂറിനുള്ളിൽ ഞങ്ങൾ സാന്റിയാഗോയിൽ നിന്ന് വിശ്വമഹാകവിയായ പാബ്ളോ നെരുദയുടെ ജന്മസ്ഥലമായ പരാലിൽ എത്തും. പ്രകൃതിമനോഹരമായ ഗ്രാമങ്ങളിലൂടെയാണ് യാത്ര. എന്നാൽ അതാസ്വദിക്കാൻ പറ്റിയ പരുവത്തിലല്ല, എന്റെ മനസ്. മനസു നിറയെ മുല്ലപ്പെരിയാറാണ്". ഇതാണ് പത്രപ്രവർത്തക മനസിലെ കനലൊഴുക്ക്.

കർമ്മമേഖലയിലായാലും യാത്രാസംഘത്തിലായാലും വ്യത്യസ്തരായവരെ നയിക്കാൻ പ്രത്യേക പാടവമായിരുന്നു ജോജോയ്ക്ക്. തെറ്റിദ്ധാരണ മൂലമോ വേണ്ടത്ര മനസിലാക്കാതെയോ നീരസത്തോടെ പെരുമാറിയവരോട് പിന്നീട് നേരിയ പശ്ചാത്താപത്തോടെ സൗഹൃദമായി പെരുമാറാനും ശ്രദ്ധിച്ചിരുന്നു. നല്ല വാക്കുകളിലൂടെ ഇടപഴകുന്നവരെ മനസിലേക്ക് വലിച്ചടുപ്പിക്കാനുള്ള വിശാലതയുമുണ്ടായിരുന്നു. സാഹസികത കലർന്ന പത്രപ്രവർത്തനശൈലി ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ അദ്ദേഹത്തിനു മുന്നിൽ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ ഏറ്റെടുക്കുന്ന കർമ്മവും പദവിയും നൂറുശതമാനം ആത്മാർത്ഥതയോടെ ചെയ്യണമെന്ന നിർബന്ധബുദ്ധിയാണ് ജോജോയെ എന്നും നയിച്ചിരുന്നത്.

ഒരു പർവതത്തിന്റെ എല്ലാ ശിഖരങ്ങളിലും ഒരു ആരോഹകൻ പാദമുദ്ര പതിപ്പിക്കണമെന്നില്ല. അതിനുള്ള അവസരം പ്രകൃതി നൽകാറുമില്ല. മനുഷ്യജീവിതത്തിന്റെ പൊതു ഗ്രഹനില അതാണല്ലോ. പത്രപ്രവർത്തനത്തിന്റെ കനലുമായി പിറന്നു വളർന്ന് പന്തലിച്ച ജോജോയുടെ തൂലികയിലൂടെ പിറന്ന സ്റ്റോറികൾ ഹൃദയമുദ്ര‌യുള്ള വെന്നിക്കൊടിയായി പത്രപ്രവർത്തന ശൃംഗത്തിൽ പാറിപ്പറക്കും.