കല്ലമ്പലം: വാട്ടർ അതോറിട്ടി പൈപ്പ് ലൈൻ ഇടുന്നതിന്റെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡ് പൂർവ സ്ഥിതിയിലാക്കാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.പുതുശ്ശേരിമുക്ക് - പോങ്ങനാട് റോഡിലാണ് പൈപ്പ് ലൈൻ ഇടാനായി റോഡിന്റെ വശങ്ങളിൽ കൂറ്റൻ കുഴി എടുക്കുകയും ശേഷം അത് മണ്ണിട്ട് മൂടുകയും ചെയ്തത്.ശരിയായവിധം മണ്ണിട്ട് മൂടാത്തതിനാൽ റോഡിന്റെ വശങ്ങൾ കുന്നും കുഴിയും നിറഞ്ഞ അവസ്ഥയിലാണ്.
നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. വലിയ വാഹനങ്ങൾ വന്നാൽ സൈഡ് കൊടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.ബൈക്കും ടോറസ് ലോറിയും നിയന്ത്രണം തെറ്റി കൂട്ടിയിടിച്ച് യുവാവിന്റെ കാലൊടിഞ്ഞത് കഴിഞ്ഞ ദിവസമാണ്.കുടുംബം സഞ്ചരിച്ചിരുന്ന ബൈക്കും ഇവിടെ അപകത്തിൽപ്പെട്ടു.നാട്ടുകാർ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായിട്ടില്ല.എത്രയും അധികൃതർ ഇടപെട്ട് റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.