
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഇതുവരെ സി.ബി.ഐ ഏറ്റെടുത്തിട്ടില്ലെന്നും താൻ ചതിക്കപ്പെട്ടോയെന്ന് സംശയമുണ്ടെന്നും പിതാവ് ജയപ്രകാശ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി കന്റോൺമെന്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനി മുഖ്യമന്ത്രിയെ കാണാൻ ആലോചനയില്ല. സി.ബി.ഐ അന്വേഷണമെന്ന ഉറപ്പിലൂടെ എന്റെയും കുടുംബത്തിന്റെയും വായ് മൂടിക്കെട്ടി. അക്കാര്യത്തിൽ താൻ മണ്ടനായി. എസ്.എഫ്.ഐ നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നിട്ടുള്ളത്. സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനം ഇറക്കിയെങ്കിലും കേസ് ഇതുവരെ അവർ ഏറ്റെടുത്തിട്ടില്ല. മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചു എന്നല്ല, പക്ഷേ, ചതിക്കപ്പെട്ടുവെന്ന തോന്നലുണ്ട്. തനിക്ക് വിശ്വാസമുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ കണ്ടത്. ഭരണപക്ഷത്തുള്ളവരെ കണ്ടാൽ സ്ഥിതി എന്താകുമെന്ന് തനിക്കറിയാം.
സി.ബി.ഐ അന്വേഷണമെന്ന ഉറപ്പ് മാത്രമാണ് ലഭിച്ചിട്ടുള്ളത്. ആന്റി റാഗിംഗ് സെൽ നൽകിയ റിപ്പോർട്ടിൽ പറയുന്നവരെ ആരെയും പിടികൂടിയിട്ടില്ല. അവരെ അറസ്റ്റ് ചെയ്യണം. ഡീനിനെയും ചോദ്യം ചെയ്യണം. ഇതൊന്നും ചെയ്തില്ലെങ്കിൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം ചെയ്യും. ഈ തീരുമാനം സ്വന്തം ആലോചന പ്രകാരമാണ്. ആരുടേയും പ്രേരണയിലല്ല. തങ്ങളെ സംരക്ഷിക്കേണ്ടത് ഭരണപക്ഷമാണ്. തന്റെ നീക്കങ്ങൾക്ക് രാഷ്ട്രീയ മാനമില്ല.