നെടുമങ്ങാട്: വേനൽച്ചൂടിൽ ഉരുകിയൊലിക്കുകയാണ് തലസ്ഥാനത്തിന്റെ സാറ്റലൈറ്റ് നഗരി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും ഉൾപ്പെടെ രാജ്യത്തെ തന്ത്രപ്രധാന സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന നെടുമങ്ങാട്, ഹെക്ടർ കണക്കിന് വനഭൂമിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി അടുത്തകാലത്ത് വഴിമാറിയത്. നിർമ്മാണ മേഖലയുടെ അതിവിപുല ഹബ്ബായി മലയോര ഗ്രാമങ്ങൾ മാറിക്കഴിഞ്ഞു. പ്രകൃതിയുടെ പച്ചപ്പിൽ നിന്നുമാറി അവിടെ കോൺക്രീറ്റ് കെട്ടിടങ്ങൾ നിറയുമ്പോൾ ഗ്രാമങ്ങളിൽ ഓക്സിജന്റെ അളവ് കുറയുകയും കെട്ടിടങ്ങൾ ആഗിരണം ചെയ്ത് പുറത്തേക്കുവിടുന്ന ചൂട് അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയും ചെയ്യുന്നുവെന്നാണ് പഠന റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് രണ്ട് ഡിഗ്രി സെൽഷ്യസ് വരെ ശരാശരി താപനിലയിൽ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ചൂടുകൂടുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ മലയോരത്ത് സൂര്യതാപത്തിനും സൂര്യാഘാതത്തിനും സാദ്ധ്യതയുള്ളതായി ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സൂര്യതാപത്തിന്റെ ലക്ഷണങ്ങൾ

1. അമിതമായ വിയർപ്പ്

2.വിളർത്ത ശരീരം

3.പേശിവലിവ്

4.ക്ഷീണം

5.തലകറക്കം

6.തലവേദന

7.ഓക്കാനവും ഛർദ്ദിയും

8അബോധാവസ്ഥ

 ഒട്ടിവലിഞ്ഞ് കന്നുകാലികളും

മലയോര പ്രദേശങ്ങളുടെ സമ്പദ് ഘടനയിൽ നിർണായക പങ്ക് വഹിക്കുന്ന ക്ഷീര കർഷകരംഗവും പൊള്ളുന്ന ചൂടിൽ ഒട്ടിവലിയുകയാണ്. ശ്വസനനിരക്കും വിയർപ്പും കൂടി, പശുക്കൾ തീറ്റ എടുക്കുന്നില്ലെന്ന് കർഷകർ പറയുന്നു. പാലുല്പാദനം ഗണ്യമായ തോതിൽ കുറഞ്ഞു. വരണ്ട തൊലി, കുഴിഞ്ഞ കണ്ണുകൾ, വരളുന്ന മൂക്കും മോണയും കൺപോളകളും ഭാരക്കുറവ്, ശരീര ശോഷണം, മൂത്രത്തിന്റെ അളവ് കുറയുക, മറ്റുള്ളവയെ കുത്തുകയും ചവിട്ടുകയും ചെയ്യുക, ചലനമറ്റു കിടക്കുക തുടങ്ങിയ ലക്ഷണങ്ങളാണ് നാൽക്കാലികൾ പ്രകടിപ്പിക്കുന്നത്. പശുക്കളിൽ നിർജ്ജലീകരണം ശ്രദ്ധയിൽപ്പെട്ടാൽ ധാരാളം വെള്ളം നൽകണം.

ശ്രദ്ധിക്കാം

• ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽപ്പോലും ഓരോ മണിക്കൂർ കൂടുമ്പോഴും 2-4 ഗ്ലാസ് വെള്ളം കുടിക്കുക. നന്നായി വിയർപ്പുള്ളവർ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരങ്ങാവെള്ളവും കുടിക്കുക. പഴങ്ങൾ ധാരാളം കഴിക്കുക.

•വെയിലത്ത് ജോലി സമയം ക്രമീകരിക്കുക. ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെയുള്ള സമയം വിശ്രമിക്കുക. രാവിലെയും വൈകിട്ടും കൂടുതൽ സമയം ജോലി ചെയ്യാം.

•കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. വെയിലത്ത് ജോലി ചെയ്യുമ്പോൾ ഇടയ്ക്കിടെ തണലത്തേക്ക് മാറിനിൽക്കണം. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്.

•പ്രായാധിക്യമുള്ളവരും (65 വയസിന് മുകളിൽ) കുഞ്ഞുങ്ങളും (നാല് വയസിന് താഴെ) മറ്റ് രോഗങ്ങൾക്ക് ചികിത്സ നടത്തുന്നവരും ശരീരോഷ്മാവ് ശ്രദ്ധിക്കുക.

•വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും മുറികളിലെ ചൂട് (പ്രത്യേകിച്ച് ടിൻ/ ആസ്ബസ്റ്റോസ് മേൽക്കൂരയാണെങ്കിൽ) പുറത്ത് പോകത്തക്ക രീതിയിൽ വാതിലുകളും ജനലുകളും തുറന്നിടുക.

•വെയിലത്ത് പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.