
തിരുവനന്തപുരം: കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷനും തങ്ങളും രണ്ടാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. സംസ്ഥാനത്ത് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതിനിധി ചീഫ് ഇലക്ടറൽ ഓഫീസറാണ്. പക്ഷേ വസ്തുതയറിയാതെ ജനങ്ങൾ ഇലക്ഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും വോട്ടർപട്ടികയിൽ പേരില്ലെന്ന് പറഞ്ഞും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ വിളിക്കുകയാണ്. കാര്യം പറഞ്ഞ് കമ്മിഷൻ ഓഫീസിലുള്ളവർ വശംകെട്ടു. അതോടെയാണ് വിശദീകരണവാർത്താകുറിപ്പ് പുറത്തിറക്കിയത്.
തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്ന ഭരണഘടനാ സ്ഥാപനമാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. വികാസ് ഭവനിലാണ് ഓഫീസ്. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിക്കുന്നത് നിയമസഭാ മന്ദിരത്തിലാണ്. അവിടെ ചീഫ് ഇലക്ടറൽ ഓഫീസറുണ്ട്. അവരാണ് ലോകസഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടത്തുന്നതും വോട്ടർപട്ടിക തയ്യാറാക്കുകയുമൊക്കെ ചെയ്യുന്നത്. eci.gov.in,ceo.kerala.gov.in എന്നിവയാണ് അവരുടെ വെബ്സൈറ്റ്. കാര്യങ്ങളറിയാൻ 1950 അല്ലെങ്കിൽ 18004251965 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.