k

കേന്ദ്രമന്ത്രിയായ ആദ്യ മലയാളി വനിതയെന്ന ബഹുമതിക്ക് അർഹയായ ലക്ഷ്മി എൻ. മേനോൻ, സാഹിത്യകാരനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന രാമവർമ്മ തമ്പാന്റെയും മാധവിക്കുട്ടിയമ്മയുടെയും മകളായി 1899 മാർച്ച് 27-നാണ് തിരുവനന്തപുരത്തെ മൈതാനം തറവാട്ടിൽ ജനിച്ചത്. ആറാം വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട ലക്ഷ്മിയെ വളർത്തിയതും പഠിപ്പിച്ചതും മുത്തശ്ശിയും അച്ഛനുമായിരുന്നു. തിരുവനന്തപുരത്തും ചെങ്ങന്നൂരുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ലക്ഷ്മി, തിരുവനന്തപുരം മഹാരാജാസ് ആർട്സ് കോളേജിൽ നിന്ന് ബിരുദം കരസ്ഥമാക്കി. പഠിച്ച കോളേജിൽത്തന്നെ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അവർ പിന്നീട് മദ്രാസിലെ ലേഡി വില്ലിംഗ്ടൺ ട്രെയിനിംഗ് കേളേജിലും ക്യൂൻ മേരീസ് കോളേജിലും കൽക്കട്ടയിലെ ഗോഖലെ സ്കൂളിലും അദ്ധ്യാപികയായി പ്രവർത്തിച്ചു.

ലഖ്നൗ യൂണിവേഴ്സിറ്റി പ്രൊഫസറും പിന്നീട് തിരുവിതാംകൂർ സർവകാശാലയുടെ ആദ്യ വൈസ് ചാൻസലറുമായ ഡോ. വി.കെ. നന്ദൻ മേനോനെ 1930-ൽ ലക്ഷ്മി മേനോൻ വിവാഹം കഴിച്ചു. പട്‌ന സർവകലാശാലാ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ച നന്ദൻ മേനോൻ, ന്യൂഡൽഹി ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് അഡ്മിനിസ്ടേഷൻ ഡയറക്‌ടറായാണ് വിരമിച്ചത്. വിവാഹശേഷം ഭർത്താവിനൊപ്പം ലഖ്നൗവിൽ താമസമായ ലക്ഷ്മി കോളേജ് പ്രൊഫസറായി ജോലി ചെയ്തു. ഇതിനിടെ നിയമ ബിരുദവും കരസ്ഥമാക്കി. സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് പട്‌നയിലെ വിമൻസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.

രാഷ്ട്രീയ

പ്രവേശനം

1927-ൽ ഇംഗ്ലണ്ടിലെ മരിയ ഗ്രേ ട്രെയിനിംഗ് കോളേജിൽ വിദ്യാർത്ഥിനിയായിരുന്ന കാലത്ത് സോവിയറ്റ് യൂണിയന്റെ പത്താം വാർഷിക ആഘോഷങ്ങളിൽ വിദ്യാർത്ഥി പ്രതിനിധിയാകാൻ അവസരം ലഭിച്ചു. അവിടെ വച്ച് ജവഹർലാൽ നെഹ്റുവിനെ കണ്ടുമുട്ടിയത് അവരുടെ രാഷ്ട്രീയ പ്രവേശനത്തിന് നിമിത്തമാവുകയും ചെയ്തു. 1948-ലും 1950-ലും ഐക്യരാഷ്ട സഭയുടെ ജനറൽ അസംബ്ലിയിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിൽ അംഗമായി. സ്റ്റാറ്റസ് ഒഫ് വിമൻ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മി ജനറൽ അസംബ്ലിയിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ മേധാവി സ്ഥാനത്തെത്തി. 1952, 1954, 1960 വർഷങ്ങളിൽ തുടർച്ചയായി ബീഹാറിൽ നിന്നുള്ള രാജ്യസഭാ പ്രതിനിധിയായും തിരഞ്ഞെടുക്കപ്പെട്ടു.

വിദേശകാര്യ വകുപ്പിന്റെ പാർലമെന്ററി സെക്രട്ടറിയായി പ്രവർത്തിച്ച അവർ പിന്നീട് ആ വകുപ്പിന്റെ മന്ത്രിയായി. ജവഹർലാൽ നെഹ്റുവിന്റെയും ലാൽ ബഹാദൂർ ശാസ്ത്രിയുടെയും മന്ത്രിസഭയിൽ 1966 വരെ അംഗമായി. ഈ കാലത്ത് ലോകമെമ്പാടും അവർ നടത്തിയ യാത്രകൾ ഇന്ത്യയുടെ നയതന്ത്ര വിദേശകാര്യ നയം പാകപ്പെടുത്തുവാൻ കാരണമാവുകയും ചെയ്തു. ചൈനീസ് അധിനിവേശ കാലത്ത് ജവഹർലാൽ നെഹ്റുവിനോട് ചേർന്നുനിന്ന് പ്രവർത്തിച്ച അവർ പല സുപ്രധാന തീരുമാനങ്ങളുടെയും നേതൃസ്ഥാനത്തുണ്ടായിരുന്നു. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ഗവേഷണ കേന്ദ്രം കേരളത്തിൽ സ്ഥാപിക്കുന്നതിൽ ലക്ഷ്മിയുടെ നിസ്തുല പങ്കുണ്ടായിരുന്നു.

സാമൂഹിക

പ്രവർത്തക

1967-ൽ സജീവ രാഷ്ട്രീയത്തിൽ നിന്നു വിരമിച്ച ലക്ഷ്മി സ്വദേശത്തേക്ക് മടങ്ങിയെത്തി. 1974-ൽ ഡോ. നന്ദൻ മേനോൻ ദിവംഗതനായി. മക്കളില്ലാതിരുന്ന അവർ,​ സാമൂഹിക പ്രവർത്തനത്തിലും സന്നദ്ധ സേവനത്തിലും ഏർപ്പെട്ട് ആ ദു:ഖം മറന്നു. ഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി വിമൻസ് എന്ന സംഘടന ഇന്ത്യയിൽ സ്ഥാപിച്ചതിന് കാരണക്കാരിയായി. എൽ.ഐ.സി ഡയറക്ടറായിരുന്ന കാലത്ത് സ്ത്രീകളുടെ ഇൻഷുറൻസ് പരിരക്ഷയ്ക്കായി ആരംഭിച്ച പദ്ധതികൾ ഇന്നും പ്രസക്തമായി നിലനിൽക്കുന്നു. ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസ് പ്രസിഡന്റ്,​ രക്ഷാധികാരി, കസ്തൂർബാ ഗാന്ധി ട്രസ്റ്റ് ചെയർ പേഴ്സൺ തുടങ്ങിയ പദവികളിലെല്ലാം ലക്ഷ്മി എൻ. മേനോൻ കർമമുദ്ര പതിപ്പിച്ചു. 1994 നവംബർ 30ന് 95-ാം വയസ്സിൽ നിര്യാതയായി.

ലക്ഷ്മി മേനോന്റെ ആഗ്രഹ പ്രകാരം സ്വഭവനമായ 'പ്ലെയിൻ വ്യൂ' ശ്രീരാമകൃഷ്ണ ശാരദാ മിഷനു നൽകി. ഭർത്താവിന്റെ നാലായിരത്തോളം വരുന്ന പുസ്തക ശേഖരം തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്കു സമർപ്പിച്ചു. 1957-ൽ പത്മഭൂഷൻ നല്കി രാഷ്ട്രം അവരെ ആദരിച്ചു.