
തിരുവനന്തപുരം: വയനാട് സർക്കാർ മെഡിക്കൽ കോളേജിലെ കാത്ത് ലാബ് പ്രവർത്തനസജ്ജമായി. ആദ്യദിനം വയനാട് ജില്ലയിലെ ഗോത്ര വിഭാഗത്തിൽപ്പെട്ട രണ്ടുപേരെ ആൻജിയോഗ്രാമിന് വിധേയരാക്കി തുടർചികിത്സ ഉറപ്പാക്കി. അടുത്ത ഘട്ടത്തിൽ ആൻജിയോപ്ലാസ്റ്റി ആരംഭിക്കും. കാത്ത് ലാബിൽ എക്കോ പരിശോധനകൾ നേരത്തെ ആരംഭിച്ചിരുന്നു. രക്തധമനികളിൽ ഉണ്ടാകുന്ന തടസങ്ങൾക്കും കാത്ത് ലാബിൽ നിന്ന് ചികിത്സ ലഭിക്കും. രക്തത്തിന്റെ പമ്പിംഗ് കുറയുന്നത് തടയാനുള്ള ഐ.സി.ഡി സംവിധാനവുമുണ്ടാകും. എല്ലാ ചൊവ്വാഴ്ചയും രോഗികൾക്ക് ഒ.പി.യിൽ ഹൃദ്രോഗ വിദഗ്ദ്ധന്റെ സേവനം ലഭിക്കും. സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് എട്ടുകോടി രൂപ ചെലവഴിച്ചാണ് കാത്ത് ലാബ് സജ്ജമാക്കിയത്. കാത്ത് ലാബ് സി.സി.യു.വിൽ ഏഴു കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്.
ഹൃദ്രോഗ വിദഗ്ദ്ധരായ ഡോ. പ്രജീഷ് ജോൺ, ഡോ. പി. ഷിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് ആൻജിയോഗ്രാം നടത്തിയത്. കാത്ത് ലാബ് ടെക്നീഷ്യൻ, നഴ്സ്, എക്കോ ടെക്നീഷ്യൻ എന്നിവരുൾപ്പെടുന്ന സംഘവും ആദ്യ ആൻജിയോഗ്രാമിൽ പങ്കാളികളായി.
ഹയർ സെക്കൻഡറി
അദ്ധ്യാപകർക്ക്
ശമ്പള ക്രമീകരണം
തിരുവനന്തപുരം: അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തതോടെ അനിശ്ചിതത്വത്തിലായ ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് ശമ്പളം മാറിക്കിട്ടാൻ സർക്കാർ ക്രമീകരണം ഏർപ്പെടുത്തി. ശമ്പള വിതരണ സോഫ്ട് വെയറായ സ്പാർക്കിൽ സ്ഥലംമാറ്റവും രജിസ്റ്ററായാലേ ശമ്പളം ലഭിക്കൂ. എന്നാൽ, പുതിയ സ്കൂളിൽ ചേരാനാവാത്തത് പ്രതിസന്ധിയുണ്ടാക്കി. ഈ പ്രശ്നമാണ് പരിഹരിക്കപ്പെട്ടത്.വിടുതൽ ചെയ്തവരുടെ സ്പാർക്ക് ട്രാൻസ്ഫർ ചെയ്യാത്ത സാഹചര്യത്തിൽ പഴയ സ്കൂളിൽ നിന്നു തന്നെ ശമ്പളം മാറി നൽകാമെന്നാണ് ഉത്തരവ്.
സ്ഥലംമാറ്റം ലഭിച്ച് ജോലി ചെയ്യുന്ന സ്കൂളിൽ നിന്നു വിടുതൽ ചെയ്യുകയും ട്രിബ്യൂണൽ വിധി വന്നതിനെത്തുടർന്ന് പുതിയ സ്കൂളിൽ ചേരാൻ കഴിയാതാവുകയും ചെയ്യുന്ന നാനൂറിലേറെ അദ്ധ്യാപകരാണുള്ളത്. എച്ച്.എസ്.ടി. ജൂനിയർ അധ്യാപകർ പുതിയ സ്കൂളിൽ ചേർന്നെങ്കിലും അവരുടെ സ്പാർക്ക് മാറാത്തതിലെ പ്രശ്നമുണ്ട്. അവർക്ക് പഴയ സ്കൂളിൽ നിന്നു തന്നെ ശമ്പളം മാറിക്കിട്ടും. മാർച്ച് മാസത്തെ ശമ്പളം മാറിക്കിട്ടുന്നതിനു മാത്രമാണ് ഇത്തരമൊരു ക്രമീകരണം.
ഹയർ സെക്കൻഡറി
മൂല്യനിർണയം :
കുടിശിക നൽകണം
തിരുവനന്തപുരം : ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയം ഏപ്രിൽ മൂന്നിന് തുടങ്ങാനിരിക്കെ, 2023 ലെ ഒന്നും രണ്ടും വർഷ പൊതുപരീക്ഷ മൂല്യനിർണയത്തിന്റേയും ഇൻവിജിലേഷൻ ഡ്യൂട്ടിയുടേയും പ്രതിഫലം പൂർണമായി വിതരണം ചെയ്യണമെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ഫലം പ്രഖ്യാപിച്ച് ഒരു വർഷമായിട്ടും മൂല്യനിർണയ പ്രതിഫലം തടഞ്ഞു വച്ചിരിക്കുന്നത് പ്രതിഷേധാർഹമാണ്.
2023 ഏപ്രിൽ, മേയ് മാസങ്ങളിൽ 80 ക്യാമ്പുകളിലായി നടന്ന മൂല്യനിർണയത്തിന്റെ വേതനം പൂർണമായും വിതരണം ചെയ്യാത്തതിൽ അദ്ധ്യാപകർ പ്രതിഷേധിച്ചതാണ്. വിദ്യാർത്ഥികളിൽ നിന്നും പരീക്ഷാ ഫീസിനത്തിൽ ലഭിക്കുന്ന തുകയിൽ നിന്ന് 30.4 കോടിക്ക് പകരം 18 കോടി മാത്രമാണ് അനുവദിച്ചതെന്ന് എ.എച്ച്.എസ്. ടി.എ.പ്രസിഡന്റ് ആർ.അരുൺ കുമാറും ജനറൽ സെക്രട്ടറി എസ്. മനോജും പറഞ്ഞു..