v-joy

വർക്കല: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് മുന്നണികൾ കടക്കുമ്പോൾ സ്ഥാനാർത്ഥികൾ എല്ലായിടത്തും ഓടിയെത്താനുള്ള തിരക്കിലാണ്.

മലയോര പട്ടണമായ നെടുമങ്ങാട് പൗരപ്രമുഖരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചാണ് വി.ജോയി ഇന്നലെ പ്രചാരണം ആരംഭിച്ചത്.ജോയിഫുൾ കാമ്പെയിന്റെ ഭാഗമായി നെടുമങ്ങാട് ഗവ.കോളേജിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മുമായി സഹകരിക്കാൻ തീരുമാനിച്ച ആറ്റിങ്ങലിലെ പ്രാദേശിക നേതാക്കളെ ആനാവൂർ നാഗപ്പൻ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു.ഇന്ന് രാവിലെ 8ന് കിളിമാനൂർ കുന്നുമ്മേൽ നിന്നാരംഭിക്കുന്ന പര്യടനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും.അടയമൺ,തൊളിക്കുഴി,പാപ്പാല,ചൂട്ടയിൽ കോളനി,കടമ്പാട്ട്കോണം,കാട്ടുചന്ത തുടങ്ങി നാല്പതോളം ഇടങ്ങളിൽ പര്യടനത്തിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.

തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെത്തി പ്രിൻസിപ്പലിനെ കണ്ടും അദ്ധ്യാപകരോടൊപ്പം ലഞ്ച് മീറ്റിംഗിൽ പങ്കെടുത്തും വിദ്യാർത്ഥികൾക്കൊപ്പം സെൽഫിയെടുത്തും കാമ്പസിലെ ഹോളി ആഘോഷങ്ങളിൽ പങ്കെടുത്തും അടൂർ പ്രകാശും പ്രചാരണം കളറാക്കി. ആറ്റിങ്ങലിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്നലെ രമേശ് ചെന്നിത്തല നിർവഹിച്ചു. വർക്കലയിൽ നടന്ന യു.ഡി.എഫ് കൺവെൻഷൻ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്തു.ചിറയിൻകീഴിൽ നടന്ന കൺവെൻഷനിലും അടൂർ പ്രകാശ് പങ്കെടുത്തു. ഇന്ന് രാവിലെ 10ന് വട്ടപ്പാറ ജംഗ്ഷൻ വിസിറ്റ്,11ന് നെടുമങ്ങാട് കോൺക്ലേവ്,വൈകിട്ട് പൂവച്ചൽ വ്യാപാര ഭവൻ സന്ദർശനം.

ആറ്റിങ്ങൽ അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്ര ദർശനത്തോടെയാണ് വി.മുരളീധരൻ ഇന്നലെ പര്യടനം ആരംഭിച്ചത്. പോത്തൻകോട് ഡി.എം കോൺവെന്റ് കരുണാലയത്തിലെ അമ്മമാരെ നേരിൽക്കണ്ട് ക്ഷേമം അന്വേഷിച്ചും വോട്ടഭ്യർത്ഥിച്ചും പ്രചാരണത്തിൽ സജീവമായി.ശ്രീനാരായണ ഗുരുകൃപ ബി.ഡി.എസ് കോളേജിലും ഗോകുലം മെഡിക്കൽ കോളേജിലും സന്ദർശനം നടത്തി. പന്നിക്കെണിയിൽ കുടുങ്ങി ഷോക്കേറ്റ് മരിച്ച വെഞ്ഞാറമൂട് സ്വദേശി അരുണിന്റെ വീട്ടിലെത്തി ഉറ്റവരെ ആശ്വസിപ്പിച്ചു.അരുണിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ശാന്തിഗിരി ആശ്രമത്തിലെത്തി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി,സ്വാമി ഗുരു സവിത് ജ്ഞാന തപസ്വി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് വർക്കലയിൽ നടന്ന വികസന ചർച്ചയിലും ഇളമ്പതടം,മടവൂർ,വക്കം എന്നിവിടങ്ങളിൽ നടന്ന പദയാത്രകളിലും വി.മുരളീധരൻ പങ്കെടുത്തു.