parassala-railway-station

പാറശാല: പാറശാല റെയിൽവേ സ്റ്റേഷനോട് അധികൃതർ അവഗണന കാട്ടാൻതുടങ്ങിയിട്ട് നാളുകളേറെയായി. അതിർത്തി സ്റ്റേഷൻകൂടിയായ ഇവിടെ സ്റ്റേഷൻ പരിസരത്തായി റെയിൽവേക്ക് സ്വന്തമായി ആവശ്യത്തിലേറെ ഭൂമിയുണ്ടെങ്കിലും വികസന സാദ്ധ്യതകൾ ഏറെയുള്ള ഇവിടെ ഒരു സാധാരണ സ്റ്റേഷന് ലഭിക്കുന്ന പരിഗണന പോലും ലഭിക്കുന്നില്ലെന്നതാണ് വസ്തുത.

കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിക്ക് സമീപത്തായി ഇരു സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന യാത്രക്കാർക്ക് പാറശാല റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനം ഏറെ പ്രയോജനകരമാണെങ്കിലും ഇതുവഴി കടന്നുപോകുന്ന പല ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് അനുവദിക്കാത്തത് യാത്രക്കാരെ വല്ലാതെ വലയ്ക്കുന്നുണ്ട്. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിയിലെ 32 ഓളം പഞ്ചായത്തുകൾ ഉൾപ്പെടുന്ന മേഖലയുടെ മദ്ധ്യഭാഗത്തായിട്ടാണ് പാറശാല സ്റ്റേഷൻ പ്രവർത്തിക്കുന്നത്.

 പേടിയോടെ യാത്രക്കാർ

സ്റ്റേഷനിൽ ഫുട്പാത്തിനു സമീപത്തായുള്ള പ്രദേശം മുഴുവൻ പാഴ്‌ച്ചെടികൾ വളർന്ന് കാടുപിടിച്ച നിലയിലായതിനാൽ പ്രദേശം സന്ധ്യകഴിഞ്ഞാൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറും. ഒപ്പം സ്റ്റേഷനിൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. സ്റ്റേഷന് ഇരുവശത്തുമായി കുറെ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും കത്താറില്ല. അതുകൊണ്ടുതന്നെ സന്ധ്യ കഴിഞ്ഞാൽ സ്റ്റേഷനിൽ ഇരുട്ട് വ്യാപിക്കുന്നതിനാൽ വൈകിയെത്തുന്ന ട്രെയിനുകളിലെ വനിതായാത്രക്കാർക്ക് ഭയപ്പാടോടെ മാത്രമേ സ്റ്റേഷനിലൂടെ സഞ്ചരിക്കാൻ കഴിയൂ.

 തപ്പിത്തടഞ്ഞ് യാത്രക്കാർ

രാവിലെ അഞ്ചോടെയെത്തുന്ന പരശുറാം എക്സ്പ്രസിൽ യാത്രചെയ്യുന്നതിനായി കുഴിത്തുറ മുതൽ ഉദിയൻകുളങ്ങര വരെയുള്ള പ്രദേശങ്ങളിൽ നിന്നും നിരവധി യാത്രക്കാർ ഇവിടെ എത്താറുണ്ട്. സ്‌റ്റേഷിൽ ലൈറ്റുകൾ പ്രകാശിക്കാത്തതുകാരണം തപ്പിത്തടഞ്ഞാണ് പലരും കയറിപ്പറ്റുന്നത്. സ്റ്റേഷനിൽ റെയിൽവേ പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ലഹരിക്കടത്തുമായി ബന്ധപ്പെട്ട മേഖലകളിലേക്ക് ശ്രദ്ധ തിരിക്കുന്നതിനാൽ യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ ഇടപെടൽ നടത്താൻ കഴിയാറില്ല.