
ആറ്റിങ്ങൽ: മഹാരാഷ്ട്രയിലെ താനെയിൽ കാറിനു പിന്നിൽ ട്രക്കിടിച്ച് കടയ്ക്കാവൂർ സ്വദേശികളായ ദമ്പതികൾ മരിച്ചു. നാസിക്കിൽ താമസിക്കുന്ന, കടയ്ക്കാവൂർ കൊച്ചുപാലത്തിന് സമീപം വയൽതിട്ട വീട്ടിൽ ശോഭകുമാർ (55), ഭാര്യ ശിവജീവ (50) എന്നിവർക്കാണ് ദാരുണാന്ത്യം.
നാട്ടിൽ ഉത്സവത്തിൽ പങ്കെടുത്ത ശേഷം ഞായറാഴ്ച ഉച്ചയോടെ വിമാനത്തിൽ മുംബയിലെത്തിയ ഇവർ കാറിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ശിവജീവ സംഭവസ്ഥലത്തും ശോഭകുമാർ ഇന്നലെ താനെയിലെ ആശുപത്രിയിലും മരിച്ചു. കാറിന്റെ പിന്നിലായിരുന്നു ഇരുവരും. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
നാസിക്കിലെ സ്വകാര്യ സ്ഥാപനത്തിലാണ് ശോഭകുമാറിന് ജോലി. ഓൺലൈൻ ട്യൂഷൻ അദ്ധ്യാപികയാണ് ശിവജീവ. കടയ്ക്കാവൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാവടി ഉത്സവത്തിൽ പങ്കെടുക്കാനാണ് ഇരുവരും കഴിഞ്ഞ ബുധനാഴ്ച കുടുംബ വീട്ടിലെത്തിയത്. എല്ലാ വർഷവും ഉത്സവത്തിന് എത്താറുണ്ടന്ന് ബന്ധുക്കൾ പറഞ്ഞു. ഇരുവരുടെയും മൃതദേഹം താനെ ആശുപത്രി മോർച്ചറിയിൽ.
മക്കൾ: ഉദിത്‌കുമാർ, മിഥില (കാനഡ). മരുമകൻ: ശ്രീലേഷ് (കാനഡ). മകൾ കാനഡയിൽ നിന്നെത്തിയ ശേഷം സംസ്കാരം നാസിക്കിൽ നടത്തും. ബന്ധുക്കൾ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ നാസിക്കിലേക്ക് പോയി.