
കഴക്കൂട്ടം: ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ബോഗിയിൽ നിന്ന് പുകച്ചുരുളുകൾ ഉയർന്നത് യാത്രക്കാരെ ആശങ്കയിലാക്കി. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ പുറപ്പെട്ട നേത്രാവതി എക്‌സ്‌പ്രസിൽ മദ്ധ്യഭാഗത്തുള്ള എ.സി കമ്പാർട്ട്മെന്റിൽ നിന്നാണ് പുക ഉയർന്നത്. കണിയാപുരം കരിച്ചാറ റെയിൽവേ ഗേറ്റിനടുത്ത് 9.30ഓടെയാണ് സംഭവം. തക്കസമയത്ത് ഗാർഡ് കണ്ടതോടെ റെയിൽവേ പൊലീസും ഉദ്യോഗസ്ഥരുമെത്തി അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് പുക നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഫയർഫോഴ്സ് യൂണിറ്റും സ്ഥലത്തെത്തിയിരുന്നു. അരമണിക്കൂറിന് ശേഷം ട്രെയിൻ യാത്ര തുടർന്നു. പുകയുണ്ടായതിന്റെ കാരണം വ്യക്തമായിട്ടില്ല. റെയിൽവേ അന്വേഷണം ആരംഭിച്ചു.