തിരുവനന്തപുരം: വേനൽച്ചൂട് ഇന്നലെ തൃശ്ശൂരിൽ 39.8 ഡിഗ്രി സെൽഷ്യസിലെത്തി. പാലക്കാട് 39.2 ഡിഗ്രിയും കൊല്ലത്ത് 39 ഡിഗ്രിയുമായിരുന്നു. ഇവിടങ്ങളിൽ ഇന്ന് 40 ഡിഗ്രി കടന്നേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
സൂര്യാഘാതം, ഉഷ്ണക്കാറ്റ് എന്നിവയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ഒൻപത് ജില്ലകളിൽ ഇന്ന് എല്ലോ അലർട്ടാണ്.
കടൽപരപ്പിൽ ചൂട് ഉയർന്നതും വേനൽമഴ കുറഞ്ഞതുമാണ് കൊടുംചൂടിന് കാരണം. കിണറുകൾ വറ്റിത്തുടങ്ങിയതോടെ ഗ്രാമപ്രദേശങ്ങളിൽ കുടിവെള്ളക്ഷാമവുമുണ്ട്. സംസ്ഥാനത്ത് ഇതുവരെ 1.4 മില്ലിമീറ്റർ മഴയാണ് ഈ മാസം കിട്ടിയത്. കഴിഞ്ഞ വർഷം ഇത് 18.1 മില്ലിമീറ്ററായിരുന്നു.
ഇന്ന് അലർട്ടുള്ള
ജില്ലകൾ
 കൊല്ലം,തൃശ്ശൂർ,പാലക്കാട്,പത്തനംതിട്ട, കോട്ടയം,എറണാകുളം, ആലപ്പുഴ,കോഴിക്കോട്,കണ്ണൂർ
 ഇവിടങ്ങളിൽ രാവിലെ 11 മുതൽ 3വരെ വെയിലത്തെ ജോലി ഒഴിവാക്കണം. വാഹനങ്ങൾ ഓടിക്കുന്നവർ വെള്ളം കരുതണം
 അതേസമയം എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോതിൽ വേനൽമഴയ്ക്ക് സാധ്യതയുണ്ട്