തിരുവനന്തപുരം: സ്‌മാർട്ട് റോഡായി വികസിക്കുന്ന സ്റ്റാച്യു- ജനറൽ ആശുപത്രി റോഡിൽ ഒന്നാംഘട്ട ടാറിംഗ് 31നകം പൂർത്തിയാകും. ടാറിംഗിന് മുന്നോടിയായുള്ള റോഡ് ഫോർമേഷൻ ജോലികൾ നടക്കുകയാണ്. സ്റ്റാച്യു ജംഗ്ഷനിൽ നിന്ന് മെറ്റൽ വിരിച്ച് റോഡ് നിരപ്പാക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. രാത്രിയും പകലുമായി രണ്ട് ദിവസത്തിനകം റോഡ് രൂപപ്പെടുത്തും.കേബിളുകൾ ഡക്ടുകളിലൂടെ കടത്തിവിടുന്ന പ്രവൃത്തിയും വാട്ടർ അതോറിട്ടി ലൈനുകൾ ക്രമീകരിക്കുന്ന ജോലികളും അന്തിമഘട്ടത്തിലാണ്.ഇവ പൂർത്തിയാകുന്ന ഇടങ്ങളിൽ ഉടൻതന്നെ മെറ്റൽ വിരിക്കും. റോഡ് നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചിട്ടുണ്ട്.മുൻകൂട്ടി അറിയിക്കാതെ റോഡുകളിലെത്തി പ്രവൃത്തികൾ പരിശോധിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയുമാണ് സംഘത്തിന്റെ ചുമതല.

ഏപ്രിൽ ആദ്യ ആഴ്ചയിൽ തന്നെ റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിന് സാധിക്കുമെന്ന് കെ.ആർ.എഫ്.ബി അധികൃതർ പറഞ്ഞു. മഴയ്‌ക്ക് മുമ്പ് തലസ്ഥാന റോഡുകൾ മികച്ച നിലവാരത്തിലേക്ക് ഉയർത്താനാണ് റോഡുകളിൽ ഒന്നിച്ച് പ്രവൃത്തി നടത്തുന്നതിന് തീരുമാനിച്ചത്. ഇതിൽ 25 റോഡുകൾ ഉപരിതലം ഉൾപ്പെടെ നവീകരിച്ച് ഗതാഗയോഗ്യമാക്കി.രണ്ട് റോഡുകൾ സ്മാർട്ടാക്കി മാറ്റി. രണ്ട് റോഡുകൾ ആദ്യഘട്ട ടാറിംഗ് പൂർത്തിയാക്കി തുറന്നുനൽകി. മറ്റ് റോഡുകളും മഴക്കാലത്തിനു മുമ്പുതന്നെ നവീകരണം പൂർത്തിയാക്കും.