
നിരത്തുകളിലോടുന്ന ഏറ്റവും മുന്തിയ കൊലയാളി വാഹനമെന്ന ചീത്തപ്പേരിനുള്ള അർഹത ടിപ്പർ ലോറികൾ നേടിയിരിക്കുകയാണ്! നിയമം അനുവദിക്കുന്നതിലും അധികം ഭാരം കയറ്റി, അനുവദനീയമായ വേഗപരിധിയെല്ലാം ലംഘിച്ച് ചീറിപ്പായുന്ന ഇത്തരം മരണ വണ്ടികൾക്ക് കൂച്ചുവിലങ്ങിടേണ്ട സമയം അതിക്രമിച്ചു. വിഴിഞ്ഞം തുറമുഖത്തേക്ക് പാറയുമായി പോയ ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് ബി.ഡി.എസ് വിദ്യാർത്ഥി അനന്തുവിന്റെ ജീവൻ പൊലിഞ്ഞു. തലസ്ഥാന നഗരിയിൽ ടിപ്പർ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ അദ്ധ്യാപകൻ കൊല്ലപ്പെട്ടു. ഭാരം കയറ്റിവന്ന ടോറസ് ലോറി കയറി കൊച്ചിയിൽ ഒരാൾ കൊല്ലപ്പെട്ടു. ടിപ്പർലോറി അപകടമരണങ്ങൾ തുടർക്കഥയായി മാറിക്കൊണ്ടിരിക്കുന്നു.
ചെറുതും വലുതുമായ നിരവധി നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ട ടിപ്പറുകൾ തന്നെയാണ് ഇവയിലേറെയും എന്നതാണ് ശ്രദ്ധേയം. പിഴയെടുക്കിയും, കാണേണ്ടവരെ കാണേണ്ടതുപോലെ കണ്ടും, വീണ്ടും മരണവേഗവുമായി റോഡുകളിൽ മത്സരയോട്ടം നടത്തുന്നവരാണ് ഇവർ. സർക്കാർ ഈ വിഷയത്തിൽ ഉണർന്ന് പ്രവർത്തിക്കണം. ടിപ്പർ ലോറികളുടെ അമിതവേഗവും അലക്ഷ്യമായ ഡ്രൈവിംഗും കാരണം മരണമടയുന്ന വ്യക്തികളുടെ കുടുംബത്തിന് അഞ്ചു കോടി രൂപ ആശ്വാസധനം നൽകുന്നതോടൊപ്പം, കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും ഉറപ്പാക്കണം.
ഒപ്പം തന്നെ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത്, വാഹന പെർമിറ്റ് മരവിപ്പിച്ചു നിറുത്തണം. ടിപ്പർ ലോറികൾക്ക് വേഗപ്പൂട്ട് കർശനമാക്കണം. നിരത്തിലോടുന്ന ടിപ്പറുകൾ പരിശോധനയ്ക്ക് വിധേയമാക്കി ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. മരണകാരണം ടിപ്പറോട്ടം കൊണ്ടാണെന്ന് കണ്ടെത്തിയാൽ ഡ്രൈവർക്കും, സ്ഥാപനത്തിനുമെതിരെ മന:പൂർവമുള്ള നരഹത്യയ്ക്ക് കേസെടുത്ത് തുടർ നടപടി ഉറപ്പാക്കണം.
നെയ്യാറ്റിൻകര മുരളി
കരിയം