
തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട ജുഡിഷ്യൽ അന്വേഷണത്തിനുള്ള സമിതിയെ ഉടൻ പ്രഖ്യാപിക്കും. റിട്ട.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദും വയനാട്ടിലെ റിട്ട. ഡിവൈ.എസ്.പിയുമുൾപ്പെട്ടതാണ് സമിതി. ജസ്റ്റിസ് ഹരിപ്രസാദ് നാളെ രാജ്ഭവനിലെത്തി ഗവർണറെ കണ്ടശേഷം അന്വേഷണ വിഷയങ്ങൾ വിജ്ഞാപനം ചെയ്യും. പ്രധാനമായും 3 കാര്യങ്ങളാവും കമ്മിഷൻ അന്വേഷിക്കുക. സിദ്ധാർത്ഥിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെ, ക്യാമ്പസിനുള്ളിലെ ക്രൂരമായ അക്രമം തടയുന്നതിൽ വാഴ്സിറ്റി അധികൃതർക്കുണ്ടായ വീഴ്ച, അക്രമത്തിനു പിന്നിലെ ഗൂഢാലോചന.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പാലിക്കേണ്ട നടപടികളും കമ്മിഷൻ ശുപാർശ ചെയ്യും. കമ്മിഷന് പൊലീസ് സഹായം നൽകാൻ വയനാട് ജില്ലാ പൊലീസ് മേധാവിക്ക് ഗവർണർ നിർദ്ദേശം നൽകും. യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസോ കൽപ്പറ്റ മരാമത്ത് റസ്റ്റ് ഹൗസോ ആയിരിക്കും ഓഫീസ്. കമ്മിഷന്റെ പ്രവർത്തനച്ചെലവ് യൂണിവേഴ്സിറ്റി വഹിക്കാനും ഗവർണർ നിർദ്ദേശിക്കും. ജുഡിഷ്യൽ അന്വേഷണത്തിൽ കുറ്റക്കാരെയെല്ലാം കണ്ടെത്തുമെന്ന് ഗവർണർ പറഞ്ഞു.