തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെ യുവാക്കളെ ലക്ഷ്യമിട്ടുള്ള വോട്ടഭ്യർത്ഥനുമായി മുന്നണി സ്ഥാനാർത്ഥികൾ.ഇന്നലെ എൽ.ഡി.എഫ്, യു.ഡി.എഫ്,എൻ.ഡി.എ സ്ഥാനാർത്ഥികൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് നഗരത്തിലെ വിവിധ കോളേജുകളിലായിരുന്നു.യുവാക്കൾ മാറ്റത്തിന്റെ ചാലകശക്തിയാണെന്ന് തിരിച്ചറിഞ്ഞുള്ള പ്രചാരണമാണ് മൂവരും നടത്തിയത്.
പാറശാല മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിലെ കോളേജുകളിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ പ്രചാരണം.വിവിധ കലാലയങ്ങളിലെത്തിയ അദ്ദേഹം പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളോടും പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളോടും സംസാരിച്ചു. കലയും സാംസ്‌കാരികവും സ്‌പോർട്സും സിനിമയുമെല്ലാം യുവാക്കളുമായി ചർച്ച ചെയ്തു. വിദ്യാർത്ഥികൾക്കൊപ്പം ഫോട്ടോയും സെൽഫിയുമെടുത്ത ശേഷമാണ് മടങ്ങിയത്. മാരായമുട്ടം ഫാർമസി കോളേജ്, വാഴിച്ചൽ ഇമാനുവേൽ കോളേജ്, കാരക്കോണം മെഡിക്കൽ കോളേജ്, അമ്പൂരി സ്‌കൂൾ, ശ്രീചിത്രാ സ്‌കൂൾ, ജനാർദ്ദനപുരം ഹയർ സെക്കൻഡറി സ്‌കൂൾ, പെരുങ്കടവിള ബ്ളോക്ക് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കീഴാറൂർ മാർക്കറ്റ്, ആർ.സി ദേവാലയം, പശുവണ്ണറ ക്ഷേത്രം, ചെമ്പൂര് സി.എസ്.ഐ ചർച്ച്, ചെമ്പൂര് സാമൂഹികാരോഗ്യ കേന്ദ്രം, കുട്ടമല ക്ഷേത്രം, കുടപ്പനമൂട് ജമാഅത്ത്,അമ്പൂരിപള്ളി, പൂഴനാട് പള്ളി, ആർസി ചർച്ച്, ചാമവിളപ്പുറം, കള്ളിക്കാട് ക്ഷേത്രം, വെള്ളറട കിളിയൂർ കരുണാസായി ആശ്രമം എന്നിവിടങ്ങളിലും വോട്ടഭ്യർത്ഥിച്ചു.
ഇന്നലെ ഡി.സി.സി ഓഫീസിൽ നടന്ന യൂത്ത് കോൺഗ്രസ് ജില്ലാ നേതൃയോഗത്തിൽ പങ്കെടുത്ത ശേഷമായിരുന്നു തരൂർ പ്രചാരണം തുടങ്ങിയത്. കെ.പി.സി.സി ഓഫീസിൽ തലേക്കുന്നതിൽ ബഷീർ പുരസ്കാര വിതരണ ചടങ്ങിലും പങ്കെടുത്തു. തുടർന്ന് ആൾ സെയിന്റ്സ് കോളേജിലെയടക്കം വിദ്യാർത്ഥികളുമായി സംവദിച്ചു. വൈകിട്ട് നേമം നിയോജക മണ്ഡലം യു.ഡി.എഫ് കൺവെൻഷനിലും പങ്കെടുത്തു. തുടർന്ന് ഹോട്ടൽ അപ്പോളോ ഡിമോറയിൽ വിവിധ സംഘടകൾ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിലും പങ്കെടുത്തു. ഇഫ്താർ വിരുന്നിനു ശേഷം ശാസ്തമംഗലത്തെ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിലെത്തിയ തരൂർ പ്രവർത്തകരുമായി പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം രാത്രി ഏറെ വൈകിയാണ് പ്രചാരണം അവസാനിപ്പിച്ചത്.
ധനുവച്ചപുരം വി.ടി.എം എൻ,എസ്.എസ് കോളേജിലെ കോളേജ് ദിനാഘോഷം കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. തുടർന്ന് പഴയകടയിൽ പുതുതായി ആരംഭിച്ച പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം സന്ദർശിച്ചു. അവിടെ നിന്ന് നേരെ എത്തിയത് പേരൂർക്കട ലാ അക്കാഡമി ലാ കോളേജിലായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചും പുതിയ കാലഘട്ടത്തിലെ ടെക്നോളജിയെകുറിച്ചും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകി. വൈകിട്ട് നെയ്യാറ്റിൻകരയിലെത്തിയ സ്ഥാനാർത്ഥി സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറവും പ്രസ്ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച മീറ്റ് ദ പ്രസിലും പങ്കെടുത്തു.