
തിരുവനന്തപുരം: നഗരത്തിലെ പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമായി സ്മാർട്ട് സിറ്റി നിർമ്മിക്കുന്ന മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രം ഏപ്രിൽ ഒന്നുമുതൽ പൂർണതോതിൽ ട്രയൽ റൺ അടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങും.അന്നുമുതൽ പൊതുജനങ്ങൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനാകുമെന്ന് നിർമ്മാണച്ചുമതലയുള്ള സ്മാർട്ട് സിറ്റി അധികൃതർ വ്യക്തമാക്കി.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങുകൾ ഒന്നും ഉണ്ടാകില്ല.നേരത്തെ ഒരുതവണ ട്രയൽ റൺ നടത്തിയിരുന്നു.അന്ന് കണ്ടെത്തിയ പിഴവുകളെല്ലാം പരിഹരിച്ചു. അടുത്തയാഴ്ച ട്രയൽ റൺ നടത്തുന്നതിന് മുമ്പ് സാങ്കേതിക പിഴവുകളില്ലെന്ന് ഉറപ്പാക്കും.പാർക്കിംഗ് കേന്ദ്രത്തിന്റെ ചുറ്റുമതിലും പൂർത്തിയായി.വൈദ്യുതി,കുടിവെള്ള കണക്ഷനുകൾ സജ്ജമാക്കി. 32.99 കോടിയാണ് ചെലവ്. സാഫല്യം കോംപ്ലക്സിന്റെ പരിപാലനച്ചുമതലയുള്ള തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ)യാണ് മൾട്ടിലെവൽ പാർക്കിംഗ് സമുച്ചയത്തിന്റെ ഉടമസ്ഥർ.
302 കാറുകൾ, 500 ഇരുചക്ര വാഹനങ്ങൾ
മൾട്ടിലെവൽ പാർക്കിംഗ് സമുച്ചയം പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ 302 കാറുകൾ ഒരേ സമയം പാർക്ക് ചെയ്യാനാവും.500 ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാനാകും.വീട്ടിൽ ഇരുന്ന് പാർക്കിംഗിന് സ്ഥലം ഉണ്ടോയെന്ന് കണ്ടെത്താൻ സ്മാർട്ട് പാർക്കിംഗ് സൗകര്യവും ഒരുക്കും. നിലവിൽ കണ്ണിമേറ മാർക്കറ്റ്,യൂണിവേഴ്സിറ്റി കോളേജിന് മുൻവശം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുകാരണം രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു.സാഫല്യം കോംപ്ലക്സിലെ മൾട്ടിലെവൽ പാർക്കിംഗ് യാഥാർത്ഥ്യമാകുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
പാർക്കിംഗ് നിരക്ക്
ട്രയൽ റൺ സമയത്ത് നിലവിൽ തമ്പാനൂർ മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രത്തിലെ നിരക്കായിരിക്കും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുക.മൂന്നാഴ്ചയക്ക് ശേഷം മറ്റ് വകുപ്പുകളുമായി ആലോചിച്ച് ആവശ്യമെങ്കിൽ നിരക്കുകൾ പരിഷ്കരിക്കും.
തമ്പാനൂരിലെ നിരക്ക്
കാർ 25 രൂപ, ബൈക്ക് 10 രൂപ (2 മണിക്കൂർ വരെ)
കാർ - 40, ബൈക്ക് - 15 ( 4 മണിക്കൂർ വരെ)
കാർ - 50, ബൈക്ക് - 20 (8 മണിക്കൂർ വരെ)
കാർ - 60, ബൈക്ക് - 25 (16 മണിക്കൂർ വരെ)
കാർ- 80, ബൈക്ക് - 30 (24 മണിക്കൂർ)