photo

നെടുമങ്ങാട് : കളറാക്കിയാണ് ആറ്റിങ്ങൽ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിനെ സെന്റ് സേവിയേഴ്സ് കോളേജിൽ വരവേറ്റത്. 'ഓൾ ദി ബെസ്റ്റ് സർ..'- സഹപാഠിയെന്നപോലെ സ്വീകാര്യനായിരുന്നു വിദ്യാർത്ഥികൾക്ക് അടൂർ പ്രകാശ്.വേനലവധിക്ക് മുന്നേയുള്ള ഹോളി ആഘോഷത്തിന്റെ ഭാഗമായാണ് അടൂർ പ്രകാശ് തുമ്പയിലെ സെന്റ് സേവിയേഴ്സ് കോളേജിലെത്തിയത്. നിറങ്ങളിൽ സ്നേഹം വിതറിയായിരുന്നു സ്വീകരണം.കോളേജ് പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയും കണ്ട് ലഞ്ച് മീറ്റിംഗിൽ പങ്കെടുത്തിട്ടാണ് സ്ഥാനാർത്ഥി മടങ്ങിയത്.എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയി ഇന്നലെ പകൽ നെടുമങ്ങാട് ഗവണ്മെന്റ് കോളേജിലായിരുന്നു.കാമ്പസിന്റെ സ്വന്തം ജോയി അണ്ണനെ കോളേജിലെ പ്രണയമരത്തിൻ ചോട്ടിൽ ഇരുത്തി ആൺകുട്ടികളും പെൺകുട്ടികളും വിജയാശംസകൾ നേർന്നു. 'കാമ്പസ് ഫുൾ ജോയി' തീം സോംഗ് പാടി സ്ഥാനാർത്ഥിയുമൊത്ത് ക്ളാസുകളിലെത്തി വോട്ടഭ്യർത്ഥന നടത്തി. എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ പോത്തൻകോട് ശ്രീനാരായണ ഗുരുകൃപ ബി.ഡി.എസ് കോളേജിലും വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലും സന്ദർശനം നടത്തി. നരേന്ദ്രമോദിയുടെ വികസിത ഭാരത സ്വപ്നങ്ങളോടു ചേർന്ന് നിൽക്കാൻ കേന്ദ്രമന്ത്രി കൂടിയായ സ്ഥാനാർത്ഥി വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു.അവനവഞ്ചേരി ശ്രീഇണ്ടിളയപ്പൻ ക്ഷേത്ര ദർശനത്തോടെയായിരുന്നു പ്രചാരണ തുടക്കം.പോത്തൻകോട് ഡി.എം.കോൺവെന്റ് കരുണാലയത്തിലെ അന്തേവാസികളായ അമ്മമാരെ സാന്ത്വനിപ്പിച്ച് മാതാവിന്റെ കുരിശടിയിൽ പ്രാർത്ഥിച്ചു.വെഞ്ഞാറമൂട്ടിൽ പന്നിക്കെണി ജീവനെടുത്ത പേരുമല ചക്കക്കാട് കുന്നുംപുറത്ത് വീട്ടിൽ അരുണിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു.കുടുംബത്തിന് സംസ്ഥാന സർക്കാർ ഉടൻ നഷ്ട പരിഹാരം ഉറപ്പാക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.ഉച്ചകഴിഞ്ഞ ശാന്തിഗിരി ആശ്രമം സന്ദർശിച്ച് ജനറൽ സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി, സ്വാമി ഗുരു സവിത് ജ്ഞാന തപസ്വി എന്നിവരുമായി ആശയവിനിമയം നടത്തി. വർക്കലയിൽ വികസന ചർച്ചയിലും ഇളമ്പ തടം, മടവൂർ,വക്കം എന്നിവിടങ്ങളിൽ പദയാത്രകളിലും പങ്കെടുത്തു.അടൂർ പ്രകാശിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആറ്റിങ്ങൽ എൽ.ഐ.സിക്ക് സമീപം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു.കൺവീനർ വർക്കല കഹാർ, പീതാംബരകുറുപ്പ്, ജി.സുബോധൻ, ഇറവൂർ പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു.ചിറയിൻകീഴ് റോയൽ ഗ്രീനിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനും ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ ജെഫേർസന്റെ അദ്ധ്യക്ഷതയിൽ കരകുളം കൃഷ്ണപിള്ള, വർക്കല കഹാർ, തോന്നാക്കൽ ജമാൽ, ചാനങ്കര കുഞ്ഞു എന്നിവർ പങ്കെടുത്തു.ഇന്ന് രാവിലെ വട്ടപ്പാറ ജംഗ്ഷൻ സന്ദർശിക്കും. നെടുമങ്ങാട് കോൺക്ലേവിലും വൈകിട്ട് പൂവച്ചൽ വ്യാപാര ഭവൻ മീറ്റിംഗിലും പങ്കെടുക്കും. ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കിയ വി.ജോയിയുടെ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി പര്യടനത്തിന് ഇന്ന് രാവിലെ 8 ന് കിളിമാനൂർ കുന്നുമ്മേലിൽ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്‌ഘാടനം ചെയ്യും.വൈകിട്ട് തട്ടത്തുമല ലക്ഷംവീട് മേഖലയിൽ ആദ്യദിന പര്യടനം സമാപിക്കും.