തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാത്ത് ലാബിൽ ചികിത്സയ്ക്കെത്തുന്ന രോഗികളിൽ നിന്ന് അനധികൃതമായി പണം വാങ്ങിയെന്ന പരാതിയിൽ അന്വേഷണം പൂർത്തിയായി.ലോക്കറിലുണ്ടായിരുന്ന പണത്തിന് കൃത്യമായ കണക്ക് കണ്ടെത്തിയെന്നാണ് വിവരം.

അന്വേഷണസംഘം രോഗികളെ ഉൾപ്പെടെ ബന്ധപ്പെട്ടാണ് വിവരം ശേഖരിച്ചത്.ഇതുസംബന്ധിച്ച റിപ്പോർട്ട് ഇന്ന് ആശുപത്രി സൂപ്രണ്ടിന് കൈമാറും.ക്രമക്കേട് ആരോപണത്തിൽ സസ്പെൻഷനിലായ കാത്ത് ഓഫീസിലെ ക്ലർക്കും സംഘടനാ നേതാവുമായ കെ.സുനിൽകുമാറിന്റെ ലോക്കറിൽ നിന്ന് 4.40 ലക്ഷം രൂപ കണ്ടെത്തിയത് ചർച്ചയായിരുന്നു. എന്നാൽ ഇത് രോഗികൾക്ക് തിരിച്ചു നൽകേണ്ടതും ബാക്കി സ്റ്റെന്റ് കമ്പനികൾക്ക് നൽകേണ്ടതുമായ തുകയാണെന്നാണ് കണ്ടെത്തിയത്. കണക്കിൽ കുറവുണ്ടായിരുന്ന 250രൂപ സുനിൽകുമാറിനോട് അടയ്ക്കാനും നിർദ്ദേശം നൽകി.

മാർച്ച് ആറിനാണ് ക്ലർക്ക് കെ.സുനിൽകുമാറിനെ സംഭവത്തിൽ സസ്‌പെൻഡ് ചെയ്തത്. നമ്പർ ലോക്കുള്ള ലോക്കറിന്റെ സൂക്ഷിപ്പ് ചുമതല ക്ലർക്കിനാണ്.ഇക്കഴിഞ്ഞ തിങ്കളാഴ്ച അന്വേഷണത്തിന്റെ ഭാഗമായി സുനിലിനെ വിളിച്ചുവരുത്തി ലോക്കർ തുറന്നപ്പോഴാണ് പണം കണ്ടെത്തിയത്.എന്നാൽ ഇതിൽ അസ്വഭാവികതയില്ലെന്നാണ് ആശുപത്രി അധികൃതരും പറയുന്നത്.

ഹൃദയാഘാതം ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾക്ക് കാത്ത് ലാബിൽ എത്തുന്നവരിൽ നിന്ന് കുറഞ്ഞത് 40,000രൂപ ഫീസായി വാങ്ങും.ഇൻഷ്വറൻസ് പരിപക്ഷയുള്ളവരാണെങ്കിൽ അതുസംബന്ധിച്ച രേഖ ഹാജരാക്കുമ്പോൾ പണം തിരികെ നൽകും. പണം കെട്ടിവച്ചാൽ മാത്രമേ അടിയന്തരമായി ആൻജിയോപ്ലാസ്റ്റിക്ക് ഉൾപ്പെടെ നടത്തൂ. ശസ്ത്രക്രിയ്ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റിന്റെ ഉൾപ്പെടെ വിലയാണ് മുൻകൂർ വാങ്ങുന്നത്.രോഗി മരണപ്പെട്ടാൽ ആരും പണം അടയ്ക്കാറില്ല.

ഇത് വർഷാവസാനം ഡോക്ടർമാരുടെ ബാദ്ധ്യതയിൽ ഉൾപ്പെടും. ഇത് ഒഴിവാക്കാനാണ് പണം വാങ്ങുന്നത്.ഇങ്ങനെ പണം വാങ്ങുന്നതിനെ ചൊല്ലി ആശുപത്രിയിൽ രണ്ട് അഭിപ്രായം നിലനിൽക്കുന്നുണ്ട്.

ലോക്കറിൽ സൂക്ഷിക്കുന്നത് പതിവ്

കാത്ത് ലാബ് ഓഫീസിൽ സ്വീകരിക്കുന്ന പണം ആശുപത്രി വികസന സമിതിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ ലോക്കറിലാണ് കാലങ്ങളായി സൂക്ഷിക്കുന്നത്.അക്കൗണ്ടിൽ നിക്ഷേപിച്ചാൽ രോഗി ഇൻഷ്വറൻസ് രേഖകൾ ഹാജരാക്കിയാൽ പണം ഉടൻ നൽകാനാകില്ല.പകരം ചെക്ക് മാത്രമേ നൽകാനാകൂ. ഇത് രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതിനാൽ രജിസ്റ്ററിൽ എഴുതി പണം ലോക്കറിൽ സൂക്ഷിക്കുന്ന രീതിയാണ് പിന്തുടരുന്നതെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു.

റിപ്പോർട്ട് ഉടൻ ലഭിക്കും, എന്നാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.

ഡോ. ബി.എസ്.സുനിൽകുമാർ

ആശുപത്രി സൂപ്രണ്ട്