lk

തിരുവനന്തപുരം: 'ഇനി നമ്മളിൽ ആ‌‌ർക്കും ഈ ഗതി വരരുത്. അകാലത്തിൽ പൊലിയുന്ന സഹപ്രവർത്തകനോ സഹപാഠിക്കോ വേണ്ടി മെഴുകുതിരി കൊളുത്തേണ്ട അവസ്ഥ നമുക്കിനി ഉണ്ടാവരുത്...' മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പി.ജി വിദ്യാർത്ഥിയായിരുന്ന ഡോ. ഷഹ്നയുടെ ആത്മഹത്യയ്ക്കു പിന്നാലെ സംഘടിപ്പിച്ച അനുസ്മരണത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും പറഞ്ഞതിങ്ങനെയായിരുന്നു.

2023 ഡിസംബറിലാണ് സ്ത്രീധന പീഡനത്തെത്തുടർന്ന് ഷഹ്ന ആത്മഹത്യ ചെയ്തത്. അതുകഴിഞ്ഞ് നാലുമാസം തികയുന്നതിനു മുമ്പുണ്ടായ പി.ജി സീനിയർ റസിഡന്റ് ഡോ. അഭിരാമിയുടെ മരണം സഹപ്രവർത്തകരെ ഒന്നടങ്കം ഞെട്ടിച്ചു. ഡോക്ടറായി സാമൂഹിക സേവനം നടത്തണമെന്ന സ്വപ്നവുമായാണ് വെള്ളനാട് സ്വദേശിയായ അഭിരാമി മെഡിക്കൽ പഠനത്തിനെത്തിയത്. ചെറുപ്പം മുതൽ പഠിക്കാൻ മിടുക്കി. ഒറ്റമകൾക്ക് പറ്റുന്നത്ര വിദ്യാഭ്യാസം നൽകാൻ മാതാപിതാക്കളായ ബാലകൃഷ്ണനും രമാദേവിയും ശ്രദ്ധിച്ചു. തിങ്കളാഴ്ചയും കാഷ്വാലിറ്റി ഡ്യൂട്ടിൽ സജീവമായിരുന്നു. ഇന്നലെ വൈകിട്ട് 6.30ഓടെയാണ് അഭിരാമിയുടെ മൃതദേഹം കണ്ടെത്തിയത്. ജോലിയും വ്യക്തിജീവിതവും തമ്മിൽ സന്തുലിതാവസ്ഥ ഇല്ലാത്തതാണ് ഡോക്ടർമാർക്കിടയിലെ ഭൂരിഭാഗം ആത്മഹത്യകൾക്കും കാരണമെന്ന് മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസർ ഡോ. അരുൺ ബി.നായർ പറഞ്ഞു.

ഉറങ്ങുകയാണെന്ന് കരുതി

മൂന്നുവർഷമായി മെഡിക്കൽ കോളേജിനടുത്തെ ഫ്ലാറ്റിൽ പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു അഭിരാമി. കുറേനേരമായി റൂം തുറക്കുന്നില്ലെന്ന് സഹതാമസക്കാരി പറഞ്ഞതനുസരിച്ചാണ് ഫ്ലാറ്റുടമ ബിജുവും ഭാര്യയുമെത്തി വാതിലിൽ മുട്ടിയത്. കേൾക്കാതെ വന്നപ്പോൾ റൂമിലെ ഗ്ലാസ് പൊട്ടിച്ച് നോക്കി. ആദ്യം ഉറങ്ങുകയാണെന്നാണ് കരുതിയത്. കൈയിൽ സിറിഞ്ച് കണ്ടപ്പോൾ വാതിൽ ചവിട്ടിത്തുറക്കുകയായിരുന്നു.