
നിർബന്ധപൂർവം ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ പൂർവാധികം ശക്തിയോടെ ഒരാൾ ജീവിക്കുന്നു എന്നത് സ്നേഹ വിശ്വാസങ്ങൾക്കുള്ളിൽ സംഭവിക്കുന്ന അനുഭവമാണ്
ശൂന്യമായ കല്ലറ ദർശിക്കുന്ന സ്ത്രീകളെക്കുറിച്ച് ബൈബിളിലെ സുവിശേഷകന്മാരെല്ലാം പറയുന്നുണ്ട്. ശരീരത്തിലെ രക്തമെല്ലാം വാർന്നുപോയി, കുരിശിൽ മരിച്ച പ്രിയപ്പെട്ടവന്റെ ശരീരം ശീലകളാൽ പൊതിഞ്ഞു ബന്ധിച്ച്, മറ്റാരെയും അതുവരെ വച്ചിട്ടില്ലാത്ത കല്ലറയിൽ അടക്കം ചെയ്യുന്നതു നോക്കി, മനസ്സിൽ ആ സ്ഥലം അടയാളമിട്ടു വച്ച സ്ത്രീകളാണ് കല്ലറയിൽ സുഗന്ധദ്രവ്യങ്ങൾ അർപ്പിക്കാനെത്തിയത്. അത് സാബത്തു ദിനത്തിന്റെ പിറ്റേന്ന്- അതായത്, ആഴ്ചവട്ടത്തിന്റെ ഒന്നാം ദിനമായിരുന്നു. മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമ എന്നും യോഹന്ന എന്നും വിശേഷിപ്പിക്കപ്പെടുന്ന സ്ത്രീയുമായിരുന്നു അവർ. ഉയിർത്തെഴുന്നേറ്റ അവരുടെ പ്രിയപ്പെട്ടവനെ ആദ്യം കണ്ടതും അവരാണ്. ഇതൊക്കെ ബൈബിളിൽ പറയുന്ന കാര്യങ്ങളാണ്.
പക്ഷെ, എനിക്കെന്നും തോന്നുന്ന ഒരു കാര്യം ഉയിർപ്പെന്നത് മരണത്തിന്റെ പരാജയമല്ലേ എന്നാണ്. നിർബന്ധപൂർവം ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ പൂർവാധികം ശക്തിയോടെ ഒരാൾ ജീവിക്കുന്നു എന്നത് സ്നേഹവിശ്വാസങ്ങൾക്കുള്ളിൽ സംഭവിക്കുന്ന അനുഭവമാണ്. ലോകത്തോടു മുഴുവൻ കരുണയും സ്നേഹവും കാട്ടിയ ചെറുപ്പക്കാരനെയാണ് യഹൂദപൗരോഹിത്യ വർഗവും റോമൻ രാഷ്ട്രീയാധികാര ശക്തിയും ചേർന്ന് കുരിശിൽ തറച്ചു കൊന്നത്.
അവനിൽ ആഴപ്പെട്ട വിശ്വാസവും ജീവിതത്തോളം പോന്ന സ്നേഹവും സമർപ്പിച്ചിരുന്ന നിരവധി മനുഷ്യരുണ്ടായിരുന്നു. വിശ്വാസമെന്നത് സ്നേഹത്തിന്റെ കൂടപ്പിറപ്പാണ്. സ്നേഹമെന്നതിന്റെ ഉടൽരൂപമായ ആ യുവാവിൽ അവർ പൂർണമായും വിശ്വസിച്ചു. കുരിശും താങ്ങി ചമ്മട്ടിയടിയേറ്റ് വഴിയിൽ ഇടറിയിടറി വീണും പിടഞ്ഞെഴുന്നേറ്റും പോകുന്ന അവനെ വഴിയിലുടനീളം കണ്ണീരണിഞ്ഞ കണ്ണുകളോടെ, ഏങ്ങിക്കരഞ്ഞുകൊണ്ട് പിൻചെല്ലുന്ന കൂട്ടുകാരികളെ വേദനയുടെ നടുവിലും അവൻ അറിയുകയും അവരോടു മിണ്ടുകയും ചെയ്യുന്നുണ്ട്. എന്നെക്കുറിച്ചു കരയേണ്ട എന്ന് ആശ്വസിപ്പിക്കുന്നുമുണ്ട്.
പ്രിയപ്പെട്ട അമ്മയെ മരണമുഖത്തും ആ പുത്രൻ ചേർത്തുപിടിക്കുകയും അവരെ അനാഥയാക്കാതെ പ്രിയപ്പെട്ട കൂട്ടുകാരനെ അമ്മയുടെ ഉത്തരവാദിത്വം ഏൽപ്പിക്കുകയും ചെയ്യുന്നുണ്ട്. പീഡയും വ്യഥയും കണ്ണീരും രക്തവും തിരസ്കാരവും നിന്ദയും മരണവുമൊക്കെക്കൊണ്ട് വ്യഥയും സംഭ്രമവും ഭയവും മൂടിക്കളഞ്ഞ വെള്ളിയാഴ്ചയ്ക്കു ശേഷമാണ് മരണത്തിന്റെ പരാജയമായ ഉയിർപ്പുദിനം ഉണ്ടായത്. ആ വിസ്മയത്തിന്റെ പുലരി ഒരുക്കിയിരുന്നത് പ്രിയപ്പെട്ടവർക്കു മുൻപിലാണ്. അല്ലെങ്കിൽ സമർപ്പിതമായ സ്നേഹത്തിന്റെ സാന്നിദ്ധ്യത്തിലാണ്. അടിമ ജനതയ്ക്കുള്ള ശിക്ഷയായ കുരിശുമരണത്തിൽ നിന്ന് ഒഴിഞ്ഞ കല്ലറയുടെ ദർശനത്തിലേക്ക് എത്തിയ അതിരറ്റ സമർപ്പണത്തിന്റെയും ഇളകാത്ത സ്നേഹശക്തിയുടെയും മുന്നിലാണ് കല്ലറയെ മൂടിയിരുന്ന കല്ലു മാറ്റപ്പെട്ടത്.
അതികാലത്ത് കല്ലറ സന്ദർശിക്കാൻ കണ്ണീരടക്കിക്കൊണ്ട് മനസ്സിലെ ക്ഷുബ്ധമായ സ്നേഹസമുദ്രത്തിന്റെ തിരത്തള്ളലുമായി കല്ലറയ്ക്കരികിലേക്കെത്തുമ്പോൾ അവരുടെ മുൻപിൽ ഒരു ചോദ്യമുണ്ടായിരുന്നു. നമുക്കുവേണ്ടി ആര് കല്ലു മാറ്റും? സുഗന്ധവസ്തുക്കൾ കല്ലറയ്ക്കുള്ളിൽ വയ്ക്കണമെങ്കിൽ കല്ലറയുടെ മൂടിയായി വച്ചിരിക്കുന്ന വലിയ കല്ല് ഉരുട്ടി മാറ്റേണ്ടതുണ്ട്. പക്ഷേ അവരവിടെ എത്തുമ്പോൾ കല്ലറ തുറന്നിരിക്കുന്നു. അതിനകം ശൂന്യവുമായിരിക്കുന്നു. അവർക്കു മുന്നിൽ മറ്റൊരു ചോദ്യവുമായി ദൈവദൂതനുണ്ട്. ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയിൽ തിരയുന്നതെന്തിന്? മരിച്ചാലും ജീവിക്കുക എന്നതിന്റെ സാധുതയാണ് ആ ചോദ്യം അവരുടെ മുൻപിലേക്കു വച്ചത്. കല്ലറയ്ക്കുള്ളിൽ ശരീരം വച്ചിട്ട് അതിന്റെ മൂടി കൊണ്ട് അതു മൂടുമ്പോൾ ജീവിച്ചിരിക്കുന്നവരുടെ ലോകവും മൃതരുടെ ലോകവും തമ്മിൽ വേർതിരിക്കുകയാണ് ചെയ്യുന്നത്. മൃതരായവരുടെ ലോകം അടഞ്ഞതും ജീവിച്ചിരിക്കുന്നവരുടെ ലോകം തുറന്നതുമായി മാറുന്നു. ഉയിർപ്പിൽ സംഭവിച്ചത് ഈ വേർതിരിവിന്റെ കനത്ത ശിലാപാളി നീങ്ങിപ്പോയി, മരണവും സ്വാതന്ത്ര്യത്തിന്റെ തലത്തിലേക്കുയർന്നു. അവൻ അവർക്കിടയിൽ നിരന്തരസാന്നിദ്ധ്യവും അനുഭവവുമായി മാറി. ലോകം തിരസ്കരിക്കുന്നവരെ സ്നേഹിക്കുക എത്ര സാഹസിക കൃത്യമാണെന്നറിയാമോ? എല്ലാവരും കുറ്റവാളിയായി മുദ്രകുത്തി ഉപേക്ഷിച്ചവനെ മരണത്തിലും ചേർത്തുപിടിക്കുക കുറ്റകൃത്യമായി വ്യാഖ്യാനിക്കാവുന്ന പ്രവൃത്തിയാണ്. പക്ഷേ, സ്നേഹമെന്നത് എല്ലാ വിധ വ്യാഖ്യാനങ്ങളും നിരാകരിച്ചുകൊണ്ട് അതിന്റേതായ സ്വതന്ത്രവഴികൾ തിരയുകയാണ് എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.
മരണത്തിന്റെ താഴ്വരയിലും അതു ജീവശക്തിയായി നിലനിൽക്കുന്നു. ഒഴിഞ്ഞ കല്ലറയ്ക്കു മുൻപിൽ മറിയ കരഞ്ഞുകൊണ്ടു നിന്നു. പ്രിയപ്പെട്ട ഗുരുവിനെ/ സ്നേഹിതനെ മരണം അപഹരിച്ചിട്ടില്ല എന്നു വിശ്വസിക്കുന്നവളാണ് അവൾ. കല്ലറയ്ക്കുള്ളിലെ മൃതദേഹം അവൾക്കത്രമേൽ പ്രിയപ്പെട്ടതായിരുന്നു. മൃതഭൂമിയിലും അവനായി സുഗന്ധവസ്തുക്കൾ കൊണ്ടുവന്നതാണ്. പക്ഷേ, അവന്റെ ശരീരം അതിനുള്ളിലില്ല. ഒഴിഞ്ഞ കല്ലറ മരണത്തിനും ജീവിതത്തിനുമിടയിലൊരു ചോദ്യമായി നിലകൊണ്ടു. അതു സ്നേഹത്തിനും സ്മൃതിക്കുമിടയിലൊരു ശൂന്യതയുടെ ഇടമായി മാറി. സ്വയം ഒരു കരച്ചിലായി മാറാനല്ലാതെ അവൾക്കൊന്നിനുമായില്ല. അവന്റെ ശരീരം അപഹരിച്ചത് ആരായിരിക്കുമെന്ന ചോദ്യത്തിൽ അവൾ നീറി.
കല്ലറയ്ക്കുള്ളിലെ ശരീരം തങ്ങളുടെ സ്നേഹവിശ്വാസങ്ങളുടെ സാന്നിദ്ധ്യമായി കരുതിയ ആ സ്ത്രീകൾക്ക് എന്തുചെയ്യാൻ സാധിക്കും? നേരെ മുന്നിൽ കണ്ട ആളിനോട് അവൾ ചോദിച്ചു. അവന്റെ ശരീരം എവിടെ? അവൾ പിന്നെയും പിന്നെയും കരയുകയാണ്. അപ്പോഴവൻ, മറിയയേ എന്നവളെ വിളിച്ചു. അങ്ങനെ മഗ്ദലക്കാരത്തി മറിയ യേശുവിന്റെ ഉയിർപ്പിന്റെ സാക്ഷിയായി. സന്തോഷസംഭ്രമങ്ങളോടെ 'റബ്ബോനി" എന്നവൾ മറുവാക്കു പറഞ്ഞു. ഗുരുവേ എന്ന സംബോധന സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും പ്രവാഹമായിരുന്നു.
അതേ, സ്നേഹവിശ്വാസങ്ങളില്ലെങ്കിൽ ഉയിർപ്പില്ല. ഉറച്ച സ്നേഹം, പതറാത്ത വിശ്വാസം അതാണ് ഉയിർപ്പിന്റെ കാതൽ. മറിയ ഓടിച്ചെന്ന് യേശുവിന്റെ ശിഷ്യന്മാരോട് ഗുരുവിന്റെ ഉയിർപ്പിനെക്കുറിച്ച് പറഞ്ഞു. പത്രോസ് കല്ലറയിലേക്ക് ഓടിയെത്തി ഗുരുവിന്റെ കല്ലറ പരിശോധിച്ചു.
പിന്നീട് യേശു പ്രിയപ്പെട്ടവർക്കിടയിൽ പ്രത്യക്ഷപ്പെട്ടു. ഭയചകിതരായവർക്ക് ഊർജ്ജവും പ്രത്യാശയുമായി മാറി. ആ സാന്നിദ്ധ്യം ഉയിർപ്പാണ്. ഉയിർപ്പാണ് വിശ്വാസത്തിന്റെ അടിസ്ഥാനമെന്ന് സെന്റ് പോൾ പറയുന്നുണ്ട്. ആദ്യത്തെ ഉയിർപ്പനുഭവം പറയുന്നതും അതുതന്നെ.