santhumoola

മലയിൻകീഴ്: ഗ്രാമീണ മേഖലകളിൽ ജൈവവൈവിദ്ധ്യ കലവറയായ ഉറവ വറ്റാത്ത പൊതുകുളങ്ങൾ ഉപയോഗയോഗ്യമല്ലാതെയാകുന്നു. പാഴ്ച്ചെടികളും പായലും വള്ളിപ്പടർപ്പുകളും വളർന്നിറങ്ങിയും പാർശ്വങ്ങൾ ഇടിഞ്ഞുവീണും നശിക്കുകയാണ്. ചില പൊതുകുളങ്ങളുടെ ബണ്ട് ഉൾപ്പെടെ തകർന്നു. ശാന്തുമൂല കുളം, ഇടവിളാകം കുളം, എരുത്താവൂർ കുരിശോട്ടുകോണം, കണ്ടല കരിംകുളം പെരുംകുളം, പിരിയാകോട് കുളം, മേപ്പൂക്കട കുളം, പോങ്ങുംമൂട് നാഗക്കാട്ടുകുളം എന്നീ പൊതുകുളങ്ങളാണ് സംരക്ഷണമില്ലാതെ ഉപയോഗശൂന്യമായി കിടക്കുന്നത്. പൊതുകുളങ്ങളിൽ വെള്ളം ആവശ്യത്തിലേറെയുണ്ടെങ്കിലും മാലിന്യം നിറഞ്ഞ് ദുർഗന്ധം പരത്തുന്ന വിധത്തിൽ ചെളികൊണ്ട് മൂടി പാഴ്ച്ചെടികൾ വളർന്നിറങ്ങിയിട്ടുണ്ട്. ഒരുകാലത്ത് ഗ്രാമീണ ജനതയുടെ ദൈനംദിന ജീവിതചക്രത്തിന്റെ ഭാഗമായിരുന്നു ഈ കുളങ്ങളെല്ലാം. കൃഷിക്കും വീട്ടാവശ്യത്തിനുമുള്ള വെള്ളം പ്രദാനം ചെയ്തിരുന്നിടം. കൃഷിയുടെ വ്യാപനത്തിനും സാംസ്കാരിക വളർച്ചയ്ക്കും കാരണമായിരുന്ന അവ സംരക്ഷിക്കപ്പെടാതെ നശിക്കുകയാണ്.

 സംരക്ഷണമില്ലാതെ...

ഗ്രാമസഭകൾ ചേരുമ്പോൾ പൊതുകുളം നവീകരിക്കാനും സംരക്ഷിക്കാനുമായി പദ്ധതികൾ തയാറാക്കുമെങ്കിലും പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ പദ്ധതികളൊന്നും നടത്തിയിട്ടില്ലെന്നുമാത്രം. കുളങ്ങൾ സംരക്ഷിച്ചിരുന്നെങ്കിൽ വേനൽക്കാലത്ത് ഗ്രാമങ്ങളിൽ കുടിവെള്ള ക്ഷാമത്തിന് അറുതി വരുമായിരുന്നു. പൊതുകുളങ്ങളുടെ നവീകരണത്തിന് വൻ തുകകൾ പലവട്ടം ഗ്രാമപഞ്ചായത്ത് അധികൃതർ വിനിയോഗിച്ചിരുന്നെങ്കിലും ഈ കുളങ്ങൾ ഉപയോഗയോഗ്യമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കടുത്ത വേനൽക്കാലത്ത് പോലും നിലയ്ക്കാത്ത വെള്ളമുണ്ടായിരുന്ന ഗ്രാമീണ കുളങ്ങൾ ഇന്ന് ചെളിക്കുണ്ടുകളാണ്.

 സംരക്ഷണം വേണം

മാറനല്ലൂർ പഞ്ചായത്തിലെ എരുത്താവൂർ വാർഡിലുൾപ്പെട്ട മണ്ണടിക്കോണം കുരിശോട്ടുകോണം കുളം നികത്താനുള്ള ശ്രമം നടക്കുന്നതായും പരാതിയുണ്ട്. റവന്യൂ രേഖകളിൽ ഒരേക്കർ അറുപത്തിയഞ്ച് സെന്റ് ഭൂമിയുള്ള കുളത്തിന് പഞ്ചായത്ത് രേഖയിലുള്ളത് ഒരേക്കർ മുപ്പത്തിമൂന്ന് സെന്റ് മാത്രം. കളക്ടറുടെയും പ്രതിപക്ഷത്തിന്റെയും സാന്നിദ്ധ്യത്തിൽ ഭൂമി അളന്ന്
തിട്ടപ്പെടുത്തണമെന്നും പൊതുകുളം സംരക്ഷിക്കണമെന്നുമാണ് പൊതുവേ ഉയർന്നിട്ടുള്ള ആവശ്യം.