
വെള്ളനാട്: ഏക മകൾ...പഠനത്തിൽ മുടുക്കി,എം.ബി.ബി.എസിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിഷൻ,പി.ജിക്കും അതേ കോളേജിൽ മെരിറ്റിൽ പ്രവേശനം നേടി. അങ്ങനെ ജന്മനാടായ വെള്ളനാടിന്റെ അഭിമാനമായിരുന്നു ബാലകൃഷ്‌ണൻ നായരുടെയും രമയുടെയും മകൾ അഭിരാമി. കഠിനാദ്ധ്വാനത്തിലൂടെ സ്വന്തമാക്കിയ നേട്ടങ്ങളെല്ലാം പാതിവഴിയിൽ ഉപേക്ഷിച്ച് ചേതനയറ്റ ശരീരമായി ഇന്നലെ അഭിരാമിയെ കണ്ടവരെല്ലാം പൊട്ടിക്കരഞ്ഞു.
മാതാപിതാക്കളെ ആശ്വസിപ്പിക്കാനാകാതെ ചുറ്റും നിന്നവർ നിസ്സഹായരായി. ഭർത്താവ് ഡോ.പ്രതീഷും മാതാപിതാക്കളും കരഞ്ഞുതളർന്ന അവസ്ഥയിലായിരുന്നു. പോസ്റ്റുമോർട്ടത്തിനും മെഡിക്കൽ കോളേജിലെ പൊതുദർശനത്തിനും ശേഷം ഉച്ചയ്ക്ക് 2.50ഓടെയാണ് വെള്ളനാട് ഗവ.എച്ച്.എസ്.എസിന് പിറകിലുള്ള വീടായ അഭിരാമത്തിലെത്തിച്ചത്. നാലുമാസം മുമ്പ് ഇതേ വീട്ടിൽ വച്ചായിരുന്നു ആഘോഷപൂർവം അഭിരാമിയുടെ വിവാഹച്ചടങ്ങുകൾ നടന്നത്.
എല്ലാവരോടും ചിരിച്ചുകൊണ്ട് സംസാരിച്ചിരുന്ന അഭിരാമിയുടെ മുഖത്തേക്ക് നോക്കാൻ പോലും കഴിയാതെ കൂടെ നിന്നവർ പൊട്ടിക്കരഞ്ഞു. മെഡിക്കൽ കോളേജിലെ സഹപാഠികളും അഭിരാമിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. ചടങ്ങുകൾക്കു ശേഷം മൃതദേഹം നാലോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ചൊവ്വാഴ്ചയാണ് മെഡിക്കൽ കോളേജിനു സമീപം പി.ടി.ചാക്കോ നഗറിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിൽ അഭിരാമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജി.സ്റ്റീഫൻ.എം.എൽ.എ, കെ.എസ്.സുനിൽ കുമാർ,മീനാങ്കൽ കുമാർ,വിളപ്പിൽ ഏരിയാ സെക്രട്ടറി ശിവജി,വെള്ളനാട് സതീശൻ,എം.എസ്.റഷീദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി, വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ,ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി,വെള്ളനാട് കൃഷ്ണകുമാർ,വി.എസ്.ശോഭൻകുമാർ,എം.രാജേന്ദ്രൻ തുടങ്ങിയ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.