
കല്ലമ്പലം: കടുവയിൽ സൗഹൃദ റസിഡന്റ്‌സ് അസോസിയേഷന്റെ ശ്രമഫലമായി നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷനും വെങ്ങാനൂർ സുകൃതം പാലിയേറ്റീവ് കെയർ സൊസൈറ്റിയും സംയുക്തമായി വീട്ടമ്മമാർക്ക് 40 തയ്യൽ യന്ത്രങ്ങളും, 13 സ്കൂട്ടറുകളും, 25 ഹൈടെക് കോഴിക്കൂടുകളും വിദ്യാർത്ഥികൾക്ക് 30 ലാപ്‌ടോപ്പുകളും പകുതി വിലയിൽ വിതരണം ചെയ്തു. തുടർന്ന് ഇഫ്താർ വിരുന്നുമൊരുക്കി.
കടുവയിൽ പ്രവർത്തിക്കുന്ന സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റിൽ നടന്ന യോഗത്തിൽ സൗഹൃദ പ്രസിഡന്റ് പി.എൻ. ശശിധരൻ അദ്ധ്യക്ഷനായി. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഇന്ത്യൻ അസോസിയേഷൻ ഒഫ് പാലിയേറ്റീവ് കെയർ മുൻ ജനറൽ സെക്രട്ടറിയുമായ ആർ.എസ്. ശ്രീകുമാർ തയ്യൽ യന്ത്രങ്ങൾ, ലാപ്‌ടോപ് മുതലായവ വിതരണം ചെയ്തു. തുടർന്ന് പോക്സോ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹ്സിനെയും എം.ബി.ബി.എസിൽ ഉന്നത വിജയം കൈവരിച്ച സൗഹൃദ പാലിയേറ്റീവ് പ്രവർത്തകനായ ഡോ. അനീസ് ഷാജഹാനെയും ആദരിച്ചു.
കടുവയിൽ സ്വലാഹിയ അറബിക് കോളേജ് വൈസ് പ്രിൻസിപ്പിളും സൗഹൃദ എക്സിക്യൂട്ടീവ് അംഗവുമായ മുഹമ്മദ് റഫീഖ് മൗലവി റംസാൻ സന്ദേശം പകർന്നു. തിരുവനന്തപുരം ഇനിഷ്യറ്റീവ് ഇൻ പാലിയേറ്റീവ് കെയർ ജനറൽ സെക്രട്ടറി വിനീഷ്, വൈസ് പ്രസിഡന്റ് ഷീല എബ്രഹാം, തിരുവനന്തപുരം റിജിണൽ ക്യാൻസൻ സെന്ററിലെ ആശ്രയ പാലിയേറ്റീവ് ഡയറക്ടർ മോളി കുര്യൻ, സൗഹൃദ റസിഡന്റ്‌സ് ആൻഡ് പാലിയേറ്റീവ് കെയർ സെക്രട്ടറി ഖാലിദ് പനവിള എന്നിവർ സംസാരിച്ചു.