
വക്കം: കുത്തനെയുള്ള ഇറക്കം ചെന്ന് നിൽക്കുന്നത് ഇരുപതടി താഴ്ചയുള്ള കുഴിയിലും കൊടും വളവിലുമാണ്. കടയ്ക്കാവൂർ പഞ്ചായത്തിലെ പള്ളിമുക്ക് വെട്ടിയറ പൊയ്ക റോഡിന്റെ നിലവിലെ അവസ്ഥയാണിത്. കടയ്ക്കാവൂർ പള്ളിമുക്ക് ജംഗ്ഷനിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന ഇടറോഡുകളിൽ ഒന്നാണ് വെട്ടിയറ പൊയ്ക റോഡ്. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ റോഡ് നിർമ്മാണക്കമ്മിറ്റി രൂപീകരിച്ച് വയൽ നികത്തി നിർമ്മിച്ച റോഡാണിത്. ആലംകോട് മീരാൻകടവ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പല സമയങ്ങളിൽ ഗതാഗതം നിറുത്തിവയ്ക്കേണ്ടി വരികയാണെങ്കിൽ ആറ്റിങ്ങൽ ഭാഗത്തേക്കും അവിടെനിന്ന് തിരിച്ചും വെട്ടിയറ പൊയ്ക റോഡ് വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. അതിനാൽത്തന്നെ ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. റോഡിലെ അപകടകരമായ രീതിയിലുള്ള വളവും കുഴിയും രാത്രികാലങ്ങളിൽ വഴിവിളക്കുകൾ ഇല്ലാത്തതും ഇതിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് ഭീതി സൃഷ്ടിക്കുന്നു. ഒറ്റപ്പെട്ട പ്രദേശമായതിനാൽ തെരുവുനായ്ക്കളുടെ ശല്യവും കൂടുതലാണ്. ഇതും അപകടങ്ങൾക്ക് വഴിവയ്ക്കുന്നു. ബന്ധുവീട്ടിൽ പോയി തിരികെ വരുന്ന വഴി റോഡിനു വശത്തുള്ള വലിയ കുഴിയിൽ വീണ് തെക്കുംഭാഗം എം.എസ് നിവാസിൽ മണി മരണപ്പെട്ടതുൾപ്പെടെ നിരവധി അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. റോഡിന്റെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിച്ച് ആധുനിക രീതിയിൽ നവീകരിച്ചാൽ കടയ്ക്കാവൂരിൽ നിന്നും എളുപ്പം ആറ്റിങ്ങൽ എത്താനായി വെട്ടിയറ പൊയ്ക റോഡിനെ മാറ്റിയെടുക്കാം.
നടപടികളില്ല
ഒരേസമയം വരുന്ന രണ്ടു വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് ഇതിലൂടെ കടന്നു പോകുന്നത്. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. വെട്ടിയറ പൊയ്ക റോഡ് നിർമ്മിക്കുന്നതിനായി നാട്ടുകാർ 22 സെന്റ് ഭൂമി വിട്ടുനൽകിയിരുന്നു. അപകടകരമായ വളവും കുഴിയുമുള്ള ഭാഗത്തെ ഭൂമി വിട്ടുനൽകാനും ഭൂവുടമകൾ തയാറാണ്. റോഡിന്റെ അപകടകരമായ ഭാഗങ്ങളിലും വയലിന് ഇരുവശങ്ങളിലും സുരക്ഷാവേലികൾ നിർമ്മിച്ച് അപകടഭീതി ഒഴിവാക്കുന്നതിനായി അധികാരികളെ സമീപിച്ചെങ്കിലും യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇവിടെ വഴിവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യവും ഉണ്ടാവാറുണ്ട്.