വെള്ളറട: പനച്ചമൂട് മാർക്കറ്റിന്റെ നവീകരണം തുടങ്ങിയിട്ട് വർഷങ്ങളായി. ഇതുവരെ നിർമ്മാണപ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല. അതോടെ​ ഒരുവർഷത്തിനുള്ളിൽ മാർക്കറ്റ് നവീകരിച്ച് കച്ചവടക്കാർക്ക് തിരികെ നൽകാമെന്ന വാഗ്ദാനവും പാഴ്വാക്കായി. മാർക്കറ്റ് നവീകരിച്ച് കിട്ടുമെന്ന പ്രതീക്ഷയിൽ മാർക്കറ്റിന് പുറത്ത് കച്ചവടം ചെയ്ത മത്സ്യക്കച്ചവടക്കാർ ഇന്ന് പെരുവഴിയിലാണ്. കാലങ്ങളായി വഴിയരികിൽ കച്ചവടം ചെയ്യുന്ന കച്ചവടക്കാർക്ക് മാർക്കറ്റിന്റെ നവീകരണം പൂർത്തിയാകുന്നതുവരെ മറ്റൊരു സ്ഥലത്തേക്ക് സൗകര്യം ഒരുക്കണമെന്ന ആവശ്യം നേരത്തേ ഉയർന്നിരുന്നെങ്കിലും അതിനും ബന്ധപ്പെട്ടവർ തയാറായിട്ടില്ലെന്നും പരാതിയുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി കച്ചവടക്കാർ പൊതുവഴിയിൽ ഇടം നേടിയതോടെ മറ്റ് പ്രശ്നങ്ങളും തുടങ്ങി.

 ഗതാഗതക്കുരുക്കും

പനച്ചമൂട് ടൗണിലെ റോഡ് കൈയേറിയുള്ള മത്സ്യക്കച്ചവടം ഗതാഗതക്കുരുക്കിനും ദുർഗന്ധത്തിനും ഇടയാക്കുന്നു. രാത്രിയിൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന നിരവധി കണ്ടെയ്നറുകളാണ് റോഡിൽ പാർക്ക് ചെയ്യുന്നത്. ഇതിൽ സൂക്ഷിച്ചിരിക്കുന്ന മത്സ്യം,​ രാവിലെ റോഡിൽ നിരത്തിവച്ചാണ് ചെറു കച്ചവടക്കാർക്ക് ലേലം ചെയ്യുന്നത്. പുലർച്ചെ റോഡിലെ വാഹനത്തിരക്ക് കാരണം ഇതുവഴി വരുന്ന മറ്റു വാഹനങ്ങളും യാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.

 മലിനജലം പൊതുവഴിയിൽ

ഇതിനു പുറമെ വാഹനങ്ങളിലെ മലിനജലം റോഡിലേക്കും ഓടയിലേക്കും ഒഴുക്കിവിടുന്നതുകാരണം അസഹ്യമായ ദുർഗന്ധമാണ്. ടൗണിലൂടെ പൊതുജനം മൂക്കുപൊത്തിയാണ് കടന്നുപോകുന്നത്. അടിയന്തരമായി പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിന് നിവേദനം നൽകിയെങ്കിലും പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. റോഡിൽ ഒഴുക്കിവിടുന്ന മലിനജലം റോഡിൽ കെട്ടിക്കിടന്ന് വാഹനങ്ങൾ പോകുമ്പോൾ തെറിക്കുന്നതും പതിവാണ്.