
നിങ്ങൾ ഒരു നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല. മറ്റേതു ദിവസത്തെയും പോലെ ഇന്നും കടന്നുപോകും. പക്ഷേ നിങ്ങളുടെ ഒരു യെസ്, ചരിത്രമാകും. ഒരുപാടു പേർക്ക് യെസ് പറയാനുള്ള ധൈര്യമാകും... ട്രാഫിക് എന്ന സിനിമയിൽ ജോസ് പ്രകാശ് പറഞ്ഞ ഈ ഡയലോഗിനെ നേരെ തലതിരിച്ചു വച്ചുള്ള ഒരു റിബൽ മൂവ്മെന്റ് ലോകത്തിന്റെ പല കോണിലും തുടക്കം കുറിച്ചു കഴിഞ്ഞു. സമൂഹ മാദ്ധ്യമങ്ങൾക്ക് എതിരെ സമൂഹ മാദ്ധ്യമ പ്ലാറ്റ്ഫോമുകളിൽത്തന്നെ ആരംഭിച്ച 'നോ സോഷ്യൽ മീഡിയ മൂവ്മെന്റ്"ഒരു പുതുവിപ്ലവത്തിന്റെ തുടക്കമാണെന്നാണ് സൈബർ വിദഗ്ദ്ധർ പറയുന്നത്.
'ഒരു നിശ്ചിത കാലത്തേക്ക് സമൂഹ മാദ്ധ്യമങ്ങളോട് വിടപറയുക. എന്തൊക്കെ പ്രകോപനങ്ങൾ ഉണ്ടായാലും തീരുമാനത്തിൽ ഉറച്ചു നിൽക്കുക. ചലഞ്ച് വിജയകരമായി പൂർത്തിയാക്കിയാൽ ജീവിതത്തിൽ അദ്ഭുതങ്ങൾ സംഭവിക്കും. ..' ഈ വിപ്ലവത്തിന് ചുക്കാൻ പിടിക്കുന്നവരുടെ വാദമാണിത്. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടു തന്നെ മാറ്റാനും മനസമാധാനം തിരികെ നേടാനും ഇതു സഹായിക്കുമെന്ന് പറയുന്നവരുണ്ട്.
നോ പറഞ്ഞ്
താരങ്ങളും
ഓരോ ദിവസവും ഓരോ സ്ഥലത്തു വച്ച് പുതിയ വേഷത്തിലുള്ള ഫോട്ടോകൾ. ഇതൊക്കെ അല്ലേ ലൈഫ്? അഭ്രപാളികളിലെ മിന്നും താരങ്ങളുടെ സോഷ്യൽ മീഡിയ കണ്ട് പലരും ചിന്തിക്കുന്നത് ഇങ്ങനെയായിരിക്കാം. സിനിമയുടെ പ്രൊമോഷന് സമൂഹ മാദ്ധ്യമങ്ങളെ ഒഴിച്ചുനിറുത്താനും സാധിക്കില്ല. എന്നാൽ തങ്ങൾക്കും മാനസിക സമ്മർദങ്ങൾ ഉണ്ടാകുമെന്നും, സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നതാണ് നല്ലതെന്നും താരങ്ങൾ തന്നെ സമ്മതിച്ചിട്ടുണ്ട്. 2023-ൽ ഇൻസ്റ്റാഗ്രാമിൽ കത്തിനിന്ന സമയത്താണ് അമേരിക്കൻ ഗായിക സെലീന ഗോമസ് സോഷ്യൽ മീഡിയ മുഴുവനായും ഉപേക്ഷിച്ചത്. ആരാധകർക്ക് വലിയൊരു ഞെട്ടലായിരുന്നു സെലീനയുടെ തീരുമാനം. സമൂഹ മാദ്ധ്യമങ്ങളിൽ വരുന്ന ചില പോസ്റ്റുകൾ തന്നെ അസ്വസ്ഥയാക്കാറുണ്ടെന്നും മാനസികാരോഗ്യത്തിനു വേണ്ടിയാണ് വിട്ടുനിന്നതെന്നുമാണ് സെലീന വെളിപ്പെടുത്തിയത്.
കൈ വിറയ്ക്കും;
നെഞ്ചിടിക്കും
സ്ഥിരമായി സോഷ്യൽ മീഡിയ ഉപയോഗിച്ചവർ അതിൽ നിന്ന് പെട്ടെന്ന് വിട്ടുനിൽകുമ്പോൾ അസ്വസ്ഥത പ്രകടിപ്പിക്കുമെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. ഫോണെടുത്ത് നോക്കാനുള്ള വെപ്രാളം, വിറയൽ, നെഞ്ചിടിക്കുന്നുവെന്ന തോന്നൽ... ഒരു സ്ഥിരം മദ്യപൻ ലഹരിയോടുള്ള ആസക്തി വെടിയുന്നതിനു തുല്യമായിരിക്കും ഈ ഘട്ടം. പ്രത്യേകിച്ച് ആരും വിളിക്കാനോ സന്ദേശം അയക്കാനോ ഇല്ലെങ്കിൽ ഈ ലോകത്തിൽ താൻ ആരുമല്ലാതായിപ്പോകുന്നു എന്ന ചിന്തയാവും പിടിമുറുക്കുന്നത്. കൈയകലത്ത് ഫോൺ വയ്ക്കാതിരിക്കുന്നതാണ് ഈ ഘട്ടത്തെ അതിജീവിക്കാനുള്ള മാർഗം. സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ താത്കാലികമായി ഡി- ആക്ടിവേറ്റ് ചെയ്യുന്നതും പ്രയോജനമാകും.
ദിവസത്തിന്
നന്ദി പറയാം
സോഷ്യൽ മീഡിയ ഇല്ലാതെ ജീവിക്കാനാകുമോ? ഒഴിവുനേരങ്ങളിൽ എന്തു ചെയ്യും? പുതുതലമുറ മാത്രമല്ല, മുതിർന്നവരും ഇന്ന് സൈബർ ട്രാപ്പിൽ പെട്ടുകഴിഞ്ഞു. ഇതൊന്നുമില്ലാത്ത കാലത്തും നമ്മൾ ജീവിച്ചു എന്ന തിരിച്ചറിവാണ് പിടിച്ചുനിൽക്കാനുള്ള ഏറ്റവും വലിയ മന്ത്രം. സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്ന സമയം മനുഷ്യരുമായി ബന്ധം പുതുക്കാൻ വിനിയോഗിക്കാം. ഗ്രാറ്റിറ്റ്യൂഡ് ജേർണലിംഗ് ഈ സമയത്ത് ചെയ്യാൻ പറ്റുന്ന കാര്യമാണ്. എല്ലാ ദിവസവും, ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടുമുമ്പുള്ള നമ്മുടെ ചിന്തകൾ ഉപബോധ മനസ്സിൽ തങ്ങിക്കിടക്കും. ഫോൺ നോക്കി മറ്റുള്ളവരുടെ ജീവിതവുമായി സ്വയം താരതമ്യം ചെയ്താൽ വല്ലാത്ത പിരിമുറുക്കമാകും ഫലം. പകരം അന്നത്തെ ദിവസം സംഭവിച്ച നല്ല കാര്യങ്ങൾക്കു നന്ദി പറയാം. ഒരു ഡയറിയിൽ ഇവ കുറിച്ചുവയ്ക്കാം. എത്ര ചെറിയ കാര്യമായാലും വിട്ടുപോകരുത്. തുടർച്ചയായി ഇതു ചെയ്യുമ്പോൾ സംഭവിക്കുന്നത് വലിയ മാറ്റമായിരിക്കും.
ജോലിയും
വാട്ട്സാപ്പും
ജോലിയുടെ ഷെഡ്യൂളും പ്രോജക്ടും ഇന്ന് അപ്ഡേറ്റ് ചെയ്യുന്നത് വാട്ട്സ്ആപ് ഗ്രൂപ്പുകളിൽ ആണ്. ഈ സാഹചര്യത്തിൽ എങ്ങനെ വാട്ട്സ്ആപ്പിൽ നിന്ന് വിട്ട് നിൽക്കും ? നോ സോഷ്യൽ മീഡിയ ചലഞ്ച് ഏറ്റെടുക്കാൻ പലരും ഭയക്കുന്നതിന്റെ ഒരു കാരണം ഇതാണ്. ഇവിടെ ചില ട്രിക്കുകളും പൊടിക്കൈകളും പയറ്റണം. ജോലിസ്ഥലത്തേക്കു മാത്രമായി ഒരു വാട്ട്സ്ആപ് അക്കൗണ്ട് ഉപയോഗിക്കാം. ഈ നമ്പർ ഒരു കാരണവശാലും വ്യക്തി ജീവിതത്തിൽ ഉപയോഗിക്കരുത്. തൊഴിലും ജീവിതവുമായി ഒരു അതിർവരമ്പ് ഇതിലൂടെ സൃഷ്ടിക്കാം.
വാട്ട്സ്ആപ്പിൽ ബ്ലു-ടിക്ക് ഫീച്ചർ ഒഫ് ചെയ്ത് ഇടുന്നതും പരീക്ഷിക്കാവുന്നതാണ്. നമ്മുടെ മെസേജും സ്റ്റാറ്റസും ആരൊക്കെ എത്ര വേഗത്തിൽ കാണുന്നുണ്ട് എന്ന് അറിയാനുള്ള ഉത്കണ്ഠ ഇതിലൂടെ ഒരു പരിധി വരെ അകറ്റാം. മനുഷ്യ ജീവിതം മെച്ചപ്പെടുത്താൻ സൃഷ്ടിക്കപ്പെട്ടതാണ് സമൂഹമാദ്ധ്യമങ്ങൾ. അവ ജീവിതത്തിലേക്ക് കടന്നുകയറി മനസമാധാനം കാർന്നുതിന്നുന്ന അവസ്ഥ ഒഴിവാക്കണം. നോ പറയേണ്ടിടത്ത് നോ തന്നെ പറയാം.