akhiharshan

വർക്കല: പാപനാശം കടലിൽ കാണാതായ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം തീരത്തടിഞ്ഞു. കൊല്ലം അഞ്ചൽ ഏരൂർ അശോക മന്ദിരത്തിൽ ഹർഷന്റെയും രാജിയുടെയും മകൻ അഖിൽ ഹർഷനെയാണ് (26) ചൊവ്വാഴ്ച പാപനാശം കടലിൽ കാണാതായത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേകാലോടെ പാപനാശത്തെ വർക്കലക്കോടിയിലാണ് മൃതദേഹം കണ്ടത്. ബീച്ചിൽ കുളിക്കുകയായിരുന്നവരാണ് കടൽപ്പരപ്പിൽ മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ടത്.

ലൈഫ് ഗാർഡുകൾ മൃതദേഹം തീരത്തെത്തിച്ചു.പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായ അഖിൽ ഹർഷൻ സുഹൃത്തുക്കൾക്കൊപ്പമാണ് ചൊവ്വാഴ്ച പാപനാശത്ത് എത്തിയത്. രാത്രി ഏഴോടെ കടലിൽ കുളിക്കവെയാണ് തിരയിൽപ്പെട്ട് കാണാതായത്. രാത്രി വൈകിയും കോസ്റ്റൽ പൊലീസും കോസ്റ്റൽ ഗാർഡും ഫയർഫോഴ്സും തെരച്ചിൽ നടത്തിയിരുന്നു. ഇന്നലെ വൈകിട്ട് പാരിപ്പള്ളി മെഡിക്കൽ കോളേജ് കാമ്പസിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ സംസ്കരിക്കും.വിദേശത്തുള്ള മാതാപിതാക്കൾ ദുരന്തമറിഞ്ഞ് നാട്ടിലെത്തി. സഹോദരൻ: അർജുൻ ഹർഷൻ.