retired

വക്കം: കാണാതായ റിട്ട.അദ്ധ്യാപകന്റെ മൃതദേഹം പണയിൽക്കടവ് കായലിൽ കണ്ടെത്തി. വെട്ടൂർ ആശാൻമുക്കിന് സമീപം പണിക്കക്കുടി വീട്ടിൽ കരുണാകരന്റെ (84) മൃതദേഹമാണ് ഇന്നലെ ഉച്ചയ്‌ക്ക് 12ഓടെ കണ്ടെത്തിയത്.കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.ഇക്കഴിഞ്ഞ 25 മുതൽ ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ അഞ്ചുതെങ്ങ് പൊലീസിൽ പരാതി നൽകിയിരുന്നു.

24ന് വെട്ടൂരിൽ നിന്ന് കരുണാകരൻ സഹോദരിയുടെ മകൾ ശ്യാമള താമസിക്കുന്ന അഞ്ചുതെങ്ങ് കായിക്കര കോവിൽത്തോട്ടം ക്ഷേത്രത്തിനു സമീപമുള്ള വീട്ടിലെത്തിയിരുന്നു. 25ന് രാവിലെ 8ഓടെ ബന്ധുവീട്ടിലേക്ക് പോകാൻ അവിടെനിന്ന് ഓട്ടോയിൽ പുറപ്പെട്ട് 9ഓടെ അകത്തുമുറിയിലെത്തി. എന്നാൽ 10ന് ശേഷം കരുണാകരന്റെ ബന്ധു രാജീവ് ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

അവിവാഹിതനായ കരുണാകരൻ മറ്റൊരു സഹോദരിയുടെ മകളായ ബേബിയുടെ വീട്ടിലായിരുന്നു താമസം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഫോട്ടോ: കരുണാകരൻ