sidharth

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഉത്തരവ് ഇന്നിറക്കും. റിട്ട.ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.ഹരിപ്രസാദും വയനാട്ടിലെ റിട്ട. ഡിവൈ.എസ്.പിയുമുൾപ്പെട്ടതാണ് സമിതി. ജസ്റ്റിസ് ഹരിപ്രസാദ് ഇന്ന് രാജ്ഭവനിലെത്തി ഗവർണറെ കണ്ടശേഷം അന്വേഷണ വിഷയങ്ങൾ വിജ്ഞാപനം ചെയ്യും. സിദ്ധാർത്ഥിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെ,​ ക്യാമ്പസിനുള്ളിലെ ക്രൂരമായ അക്രമം തടയുന്നതിൽ വാഴ്സിറ്റി അധികൃതർക്കുണ്ടായ വീഴ്ച,​ അക്രമത്തിനു പിന്നിലെ ഗൂഢാലോചന എന്നിവയാവും അന്വേഷിക്കുക. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പാലിക്കേണ്ട നടപടികൾ കമ്മിഷൻ ശുപാർശ ചെയ്യും. കമ്മിഷന് പൊലീസ് സഹായം ലഭ്യമാക്കും. ചെലവ് വെറ്ററിനറി യൂണിവേഴ്സിറ്റി വഹിക്കും.