ശംഖുംമുഖം: വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച 48 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണം രാജ്യാന്തര വിമാനത്താവളത്തിൽ എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. സംഭവത്തിൽ തമിഴ്നാട് തിരുനെൽവേലി മേലേപാളയം സ്വദേശി അബ്ദുള്ള അബ്ദുൾ മാജിതിനെ ഇന്റലിജൻസ് വിഭാഗം അധികൃതർ കസ്റ്റഡിലെടുത്തു.
ഇന്നലെ രാവിലെ ദുബായിൽ നിന്നെത്തിയ എമിറേറ്റ്സ് എയർലൈൻസിന്റെ ഇ.കെ 522 വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. 745 ഗ്രാം തൂക്കം വരുന്ന തനിതങ്കം ഹെയർപിൻ രൂപത്തിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. വിമാനത്തിൽ നിന്നിറങ്ങി എമിഗ്രേഷൻ പരിശോധന കഴിഞ്ഞ് കസ്റ്റംസിന്റെ മെറ്റൽഡിക്ടർ ഡോറിലൂടെ പുറത്തേക്കിറങ്ങി കൺവേയർബെൽറ്റിൽ നിന്ന് ലഗേജുകൾ എടുത്ത് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുന്നതിനിടെയാണ് കസ്റ്റംസ് അധികൃതർ ഇയാളെ തടഞ്ഞത്. ലഗേജിനുള്ളിൽ തനിതങ്കത്തിനെ കട്ടിംഗ് ചെയിൻ രൂപത്തിലാക്കി പിന്നിട് അതിനെ ഹെയർപിന്നാക്കി മാറ്റിയാണ് കടത്താൻ ശ്രമിച്ചത്.
സ്വർണക്കടത്ത് മാഫിയ സ്വർണക്കടത്തിനായി ഉപയോഗിച്ച പുതിയ തന്ത്രമായിരുന്നു. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരൻ സ്വർണം കടത്തുന്നുവെന്ന് കസ്റ്റംസിന് രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് യാത്രക്കാരെ മണിക്കൂറുകളോളം ക്യാമറയിലൂടെ നിരീക്ഷിച്ചാണ് ഇയാളെ പിടികൂടിയത്.