photo

നെടുമങ്ങാട്: കത്തുന്ന പകലിലും തങ്ങളുടെ പ്രിയ സാരഥിയെ സ്വീകരിക്കാൻ പാതയോരങ്ങളിൽ കാത്തുനിന്നു. കാതടപ്പിക്കുന്ന കതിനകളുടെയും ഉശിരൻ മുദ്രാവാക്യങ്ങളുടെയും അകമ്പടിയിൽ കണിക്കൊന്നപ്പൂക്കൾ നൽകി ഊഷ്മള സ്വീകരണം. 'ആറ്റിങ്ങലിന്റെ ജോയ്" എന്ന് ആലേഖനം ചെയ്ത പോസ്റ്ററുകളുമായി അണിനിരന്നതിലേറെയും വിദ്യാർത്ഥികളും യുവജനങ്ങളും സ്ത്രീകളും. കുന്നുമ്മേൽ ഗുരുമന്ദിരത്തിന് മുന്നിൽ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി രക്തഹാരം ചാർത്തി വി.ജോയിയുടെ മണ്ഡലപര്യടനം ഉദ്‌ഘാടനം ചെയ്തു. പാപ്പാലയിൽ ഉച്ചവിശ്രമം കഴിഞ്ഞ് രാത്രി എട്ടരയോടെ തട്ടത്തുമല ലക്ഷംവീട് കോളനിയിൽ ആദ്യദിന സ്വീകരണ പരിപാടികൾ പൂർത്തിയാക്കി. മുൻ നിശ്ചയിച്ചതിനുമപ്പുറം നൂറോളം കേന്ദ്രങ്ങളിൽ സ്വീകരണം ലഭിച്ചു.

പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിന് എൽ.ഡി.എഫ് സൈറൺ മുഴക്കിയപ്പോൾ, മലയോര ആസ്ഥാനത്ത് യുവാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തി 'യൂത്ത് കോൺക്ലേവ്" ഒരുക്കിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് പ്രതിരോധിച്ചത്. യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ ഇതര രാഷ്ട്രീയത്തിൽപ്പെട്ട യുവജനങ്ങളും പങ്കെടുത്തു. എം.വിൻസെന്റ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ അദ്ധ്യക്ഷനായി. ഗിരി കൃഷ്ണൻ, സജിത്ത് മുട്ടപ്പലം, സുബിജ സുരേഷ്, അനീഷ് കാട്ടാക്കട, നിഹാൽ, രാഹുൽ, ഫൈസൽ, പ്രമോദ് നെയ്യാറ്റിൻകര, രജിത് രവീന്ദ്രൻ, ജിഹാദ് കല്ലമ്പലം, അമി തിലക്, അഭിജിത് കുറ്റിയാണി, അജീഷ് നാഥ്, സെയ്ദലി കായ്പ്പടി, റിങ്കു പടിപ്പുരയിൽ, അഫ്സൽ മടവൂർ എന്നിവർ സംവദിച്ചു. സ്ഥാനാർത്ഥി അടൂർ പ്രകാശ് സജീവ സാന്നിദ്ധ്യമായിരുന്നു. വട്ടപ്പാറ, വെമ്പായം മേഖലകളിൽ കവലസന്ദർശനവും നടത്തി.

മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പദയാത്രകളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീണ വിജയനെതിരെ കേസ് വന്നാൽ പ്രതിപക്ഷ നേതാവിന് നോവും. മാദ്ധ്യമങ്ങൾ വിഷയം പുറത്തുകൊണ്ടുവന്നപ്പോൾ നിയമസഭയിൽപോലും ഉന്നയിക്കാതിരുന്നയാളാണ് സതീശനെന്നും വി.മുരളീധരൻ ആരോപിച്ചു. കണിയാപുരം, വട്ടപ്പാറ, അരുവിക്കര എന്നിവിടങ്ങളിലാണ് പദയാത്രകൾ നടന്നത്. തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ പുഷ്പാർച്ചനയോടെയായിരുന്നു പ്രചാരണത്തിന് തുടക്കം കുറിച്ചത്. എ.ജെ.കോളേജ് സന്ദർശിച്ച് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമൊപ്പം സെൽഫി. ഫോട്ടോ സെഷന് ശേഷം ലഘുഭക്ഷണം. ഇ.ഐ.സി.എൽ (ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ) തൊഴിലാളികൾ മുദ്രാവാക്യങ്ങളോടെ മുരളീധരനെ എതിരേറ്റു. യൂണിറ്റ് ഹെഡ് എൻ.മനോജ് പിള്ള, എച്ച്.ആർ മാനേജർ പി.കെ. അനിത, ബി.എം.എസ് യൂണിറ്റ് പ്രസിഡന്റ് സി.സജിത് കുമാർ, സെക്രട്ടറി കെ.സന്തോഷ് കുമാർ എന്നിവരുമായി ആശയവിനിമയം നടത്തി.

വി.ജോയ് ഇന്നലെ നെടുമങ്ങാട് നെട്ടയിൽ മണക്കോട് ശ്രീഭദ്രകാളി ക്ഷേത്രോത്സവ കൊടിയേറ്റിൽ പങ്കെടുത്തു. കെ.എസ്.കെ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.എസ്.ബിജു, ബൂത്ത് സെക്രട്ടറി അനീഷ് എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു. പര്യടന പരിപാടികൾ ഇന്നും തുടരും. അടൂർ പ്രകാശ് രാവിലെ 8ന് പേയാട് ജംഗ്ഷനിൽ കവലസന്ദർശനം ആരംഭിക്കും. വിളപ്പിൽശാല,ആമച്ചൽ, തൂങ്ങാംപാറ, മാറനല്ലൂർ,പ്രാവച്ചമ്പലം, കൊടിനട വഴി വൈകിട്ട് മലയിൻകീഴിൽ സമാപിക്കും.