തിരുവനന്തപുരം: കേരളകൗമുദി സംഘടിപ്പിച്ച വിഷൻ 2030 കോൺക്ലേവിൽ പങ്കെടുത്ത് തലസ്ഥാനത്തെക്കുറിച്ചുള്ള വികസന സങ്കല്പങ്ങൾ പങ്കുവച്ച് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖർ,ഡോ.ശശി തരൂർ,പന്ന്യൻ രവീന്ദ്രൻ എന്നിവർ.
രാജീവ് ചന്ദ്രശേഖർ
നിലവിൽ ടൂറിസം രംഗത്ത് പിന്നിലായ തിരുവനന്തപുരത്തെ ആഗോള ടൂറിസം ഹബ്ബാക്കി മാറ്റണം. തൊഴിൽ സാദ്ധ്യതയും നിക്ഷേപവും ഇവിടേക്ക് വരാൻ ഐ.ടി അടക്കമുള്ള സാങ്കേതിക വിദ്യകൾക്ക് പ്രാധാന്യം നൽകണം. 37% ബിരുദ സീറ്റുകൾ നിലവിൽ ഇവിടെ ഒഴിഞ്ഞുകിടക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഗുണനിലവാരം പോരെന്ന അനുമാനത്തിൽ വിദ്യാർത്ഥികൾ അന്യ സംസ്ഥാനത്തേക്ക് പഠനത്തിനായി പോകുന്നുണ്ട്. ഇത് തിരികെ കൊണ്ടുവരണം. ഗവേഷണ വിജ്ഞാന നവീകരണ കേന്ദ്രമായും സ്‌പോർട്സ് ഹബ്ബായും നഗരം മാറണം. എല്ലാവരിൽ നിന്നും ആശയങ്ങൾ സ്വീകരിച്ച് അഞ്ച് വർഷത്തേക്കുള്ള പദ്ധതി രൂപീകരിക്കും.
ശശി തരൂർ
വികസനമെന്നത് ജനജീവിതത്തെ നന്നാക്കുന്നതാകണം. അത് കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണം അത്യാവശ്യമാണ്. തലസ്ഥാനത്തെ വിദ്യാഭ്യാസ-ടൂറിസം രംഗങ്ങളിൽ ഇനിയും മാറ്റങ്ങൾ കൊണ്ടുവരണമെന്നാണ് തന്റെ ആഗ്രഹം. തന്റെ കാലയളവിൽ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട 11 സ്ഥാപനങ്ങളാണ് തിരുവനന്തപുരത്ത് കൊണ്ടുവന്നത്. ടെക്നോപാർക്കിൽ ഒറക്കിൾ,നിസാൻ അടക്കമുള്ള കമ്പനികളെ കൊണ്ടുവന്നത് തന്റെ പരിശ്രമഫലമായാണ്. 47 വർഷം മുമ്പ് പ്രഖ്യാപിച്ച ബൈപ്പാസ് യാഥാർത്ഥ്യമാക്കി. കൊവിഡ്,ഓഖി തുടങ്ങിയ പ്രതിസന്ധികളിൽ ജനങ്ങൾക്കൊപ്പം നിൽക്കാൻ സാധിച്ചു. കടലാക്രമണം തടയാൻ പുലിമുട്ട് നിർമ്മാണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമീപിച്ചിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയാണെന്ന് കേന്ദ്രവും പണമില്ലെന്ന് സംസ്ഥാനവും പറയുന്നു. എം.പി എന്ന നിലയിൽ ഒരുപാട് പരിമിതിയുണ്ട്. എങ്കിലും ഇനിയും തിരുവനന്തപുരത്തിന്റെ വികസനത്തിനായി പരിശ്രമിക്കും.
പന്ന്യൻ രവീന്ദ്രൻ
തലസ്ഥാനത്തിന് പ്രകൃതി നൽകിയ ഒരുപാട് ഗുണങ്ങളും സൗകര്യവുമുണ്ട്. ടൂറിസം വികസനം പ്രധാന ഘടകമാണ്. അതിൽ പഠനം നടത്തണം. പിഴവുകൾ കണ്ടെത്തി പരിഹരിക്കണം. കൂടുതൽ ഐ.ടി കമ്പനികളെ ഇവിടെ കൊണ്ടുവരേണ്ടതുണ്ട്. ഇവിടെ പഠിച്ചവർക്ക് ഇവിടെത്തന്നെ ജോലിചെയ്യാൻ സാധിക്കണം. എയിംസ് കേരളത്തിന് ലഭിക്കാതെപോയത് അനുയോജ്യമായ സ്ഥലം നിർദ്ദേശിക്കാത്തതിനാലാണ്. അനുയോജ്യമായ തിരുവനന്തപുരത്തിന് പകരം മറ്റൊരു സ്ഥലമാണ് നിർദ്ദേശിച്ചത്. പ്രാദേശികവാദവും രാഷ്ട്രീയ അഭിപ്രായ വ്യത്യാസവും കാരണം സ്ഥാപനം നഷ്ടപ്പെട്ടു. എം.പിമാർക്ക് പരിമിതമായ ഫണ്ടാണുള്ളത്. അതിനുമപ്പുറമുള്ള പരിശ്രമ ഫലമായാണ് തന്റെ കാലത്ത് നെയ്യാറ്റിൻകര-അരുവിപ്പുറം റോഡിന് 10 കോടി അനുവദിച്ചത്. കേരളത്തിനുവേണ്ടി എം.പിമാർ ഒരുമിച്ച് നിൽക്കണം. 2007ൽ വാഗ്ദാനം ചെയ്യപ്പെട്ട കോച്ച്, വാഗൺ ഫാക്ടറികൾ ഇതുവരെ സംസ്ഥാനത്തിന് ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.