തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌ത മെഡിക്കൽ കോളേജ് പി.ജി സീനിയർ റസിഡന്റ് അഭിരാമിയെ നിറകണ്ണുകളോടെ യാത്രയാക്കി സഹപ്രവർത്തകർ. എല്ലാവരെയും നോക്കി പുഞ്ചിരിച്ച് എന്നും ജോലിക്ക് പോകാറുള്ള പഴയ ക്യാഷ്വാലിറ്റിയിലെ ജനറൽ മെഡിസിൻ വിഭാഗത്തിനു മുമ്പിലെ പ്രവേശനകവാടത്തിൽ ഇന്നലെ അഭിരാമിയുടെ മൃതദേഹമെത്തിച്ചപ്പോൾ പലരും പൊട്ടിക്കരഞ്ഞു.

തലേന്ന് യാത്ര പറ‌ഞ്ഞുപോയ അഭിരാമി ഇനി ഒപ്പമില്ലെന്ന സത്യം പലർക്കും ഉൾക്കൊള്ളാനായില്ല. പരസ്‌പരം തോളിൽ തല ചായ്ച് സഹപ്രവർത്തകർ വിങ്ങിയപ്പോൾ കണ്ടുനിന്നവരും കണ്ണീരണിഞ്ഞു. ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ചയ്‌ക്ക് ഒന്നോടെയാണ് മൃതദേഹം പൊതുദർശനത്തിന് വച്ചത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ബി.എസ്.സുനിൽകുമാർ,പ്രിൻസിപ്പൽ ഡോ.ലിനറ്റ് ജെ.മോറിസ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. അഭിരാമിയെക്കുറിച്ച് സഹപ്രവർത്തകർക്കെല്ലാം നല്ലത് മാത്രമായിരുന്നു പറയാനുണ്ടായിരുന്നത് . എല്ലാവരോടും നന്നായി ഇടപെടുന്ന വ്യക്തിത്വം. ഒരിക്കൽ പരിചയപ്പെടുന്നവരാരും അവളെ മറക്കില്ല- സഹപാഠിയായ ഡോ.അബിൻ വിതുമ്പലോടെ പറഞ്ഞു.

കഴിഞ്ഞവർഷം നവംബറിലായിരുന്നു അഭിരാമിയുടെ വിവാഹം. എന്നാൽ സുഹൃത്തുക്കളിൽ പലരും വിവാഹക്കാര്യം വൈകിയാണ് അറിഞ്ഞത്. തനിക്ക് ഏതെങ്കിലും തരത്തിലുള്ള വിഷമങ്ങളോ പ്രശ്‌നങ്ങളോ ഉള്ളതായി അഭിരാമി അടുത്ത കൂട്ടുകാരോട് പോലും പറഞ്ഞിരുന്നില്ല. സീനിയർ റെസിഡന്റായപ്പോഴേക്കും അഭിരാമിയുടെ അടുത്ത കൂട്ടുകാർ മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് മാറിപ്പോയിരുന്നു. മിതമായി മാത്രം സംസാരിക്കുന്ന അഭിരാമി പക്ഷേ, സൗഹൃദങ്ങളെ പ്രാധാന്യത്തോടെയാണ് കണ്ടിരുന്നത്. ഇതുതന്നെയാണ്, അഭിരാമിയുടെ ആത്മഹത്യ വിശ്വസിക്കാൻ സുഹൃത്തുക്കൾക്ക് പ്രയാസകരമായി തോന്നാൻ കാരണവും.

ശക്തമായ സൗഹൃദവലയം ഉണ്ടായിരുന്നിട്ടും അഭിരാമിയുടെ ആത്മഹത്യയുടെ കാരണമറിയാതെ വിഷമിക്കുകയാണ്കൂട്ടുകാർ. മെഡിക്കൽ കൗൺസിലിൽ സമർപ്പിക്കാനുള്ള അഭിരാമിയുടെ അപേക്ഷയിൽ ഒപ്പിട്ട ശേഷമാണ് വിവരമറിയുന്നതെന്നും പാരിപ്പള്ളിയിൽ നിന്ന് കുറച്ചുമാസങ്ങൾക്ക് മുമ്പാണ് തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയതെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ലിനറ്റ് ജെ.മോറിസ് പറഞ്ഞു. പഠനത്തിലും ജോലിയിലും മിടുക്കിയായിരുന്നും അഭിരാമിയെന്നും അവർ കൂട്ടിച്ചേർത്തു.