1

 കൊല്ലപ്പെട്ടത് സ്വകാര്യ മൈക്രോ ഫിനാൻസിലെ കളക്ഷൻ ഏജന്റ്

നെയ്യാറ്റിൻകര: വാഹനത്തിന്റെ ഫൈനാൻസ് ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ വെട്ടിക്കൊന്നു.മണലുവിള സ്വദേശി ഷണ്മുഖത്തിന്റെയും പുഷ്‌പവല്ലിയുടെയും മകൻ ആദിത്യനാണ് (23) കൊല്ലപ്പെട്ടത്.ഇന്നലെ വൈകിട്ട് ആറോടെ കൊടങ്ങാവിള ജംഗ്ഷനിലെ ചാനൽ പാലത്തിന് സമീപത്തായിരുന്നു സംഭവം.

ബൈക്കിൽ പോവുകയായിരുന്ന ആദിത്യനെ പിന്നാലെ കാറിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയതോടെ അക്രമികൾ രക്ഷപ്പെട്ടു.ആംബുൻസ് കിട്ടാത്തതിനാൽ രണ്ടുപേർ ചേർന്ന് സ്കൂട്ടറിന്റെ നടുവിൽ ഇരുത്തി ആദിത്യനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദ്ദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിൽ.

സ്വകാര്യ മൈക്രോ ഫിനാൻസിലെ കളക്ഷൻ ഏജന്റായിരുന്നു ആദിത്യൻ.കഴിഞ്ഞ ദിവസം നെല്ലിമൂടിന് സമീപം പണം പിരിക്കാൻ പോയ സമയത്ത് തർക്കമുണ്ടായിരുന്നു. ഈ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.പ്രതികൾ കാഞ്ഞിരംകുളം സ്വദേശികളാണെന്നാണ് വിവരം.നെയ്യാറ്റിൻകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആദിത്യൻ നെയ്യാറ്റിൻകര പത്താംകല്ലിലായിരുന്നു താമസിച്ചിരുന്നത്.