
തിരുവനന്തപുരം: സ്മാർട്ട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായുള്ള ജോലികൾക്കിടെ വാട്ടർ അതോറിട്ടിയുടെ സ്വീവേജ് ലൈൻ തകർന്നു.മാനവീയം വീഥിയുടെ സമീപത്ത് ബി.എസ്.എൻ.എൽ കസ്റ്റമർ കെയർ ഓഫീസിന് അടുത്തുള്ള ലൈനാണ് തകർന്നത്. ഒരാഴ്ചയോളമായി ഇവിടെ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബിയുടെയും കേരള റോഡ് ഫണ്ട് ബോർഡിന്റെയും നിർമ്മാണം നടന്നുവരികയായിരുന്നു.ഉദാരശിരോമണി റോഡ് മുതൽ മാനവീയം വീഥി വരെയുള്ള സ്വീവേജ് ലൈനാണ് കേടായത്. 200 എം.എം എസ്.ഡബ്ല്യു.എം മൺപൈപ്പാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.ഉദാരശിരോമണി റോഡിൽ നേരത്തെ സ്വീവേജ് ലൈനില്ലായിരുന്നു. ഫ്ളാറ്റുകൾ, എസ്.ബി.ഐ പെട്രോൾ പമ്പ് അടക്കമുള്ള സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഇവിടെ രണ്ടുമാസം മുമ്പാണ് പുതിയ സ്വീവേജ് ലൈൻ സ്ഥാപിച്ചത്. ഈ സ്ഥാപനങ്ങളെല്ലാം ചേർന്ന് ഡെപ്പോസിറ്റ് അടച്ചതിനെ തുടർന്നായിരുന്നു ഇത്.ഈ ലൈനാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പണികൾക്കിടെ പൊട്ടിയത്.മാനവീയത്തിലേക്കുള്ള ലൈനിൽ നേരത്തെ സ്വീവേജിന് തകരാർ വന്നിരുന്നു.ഇത് അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്യണമെന്ന് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.ഇന്നലെ ബി.എസ്.എൻ.എലിന് സമീപത്ത് ലൈൻ കേടായപ്പോൾ അത് കോൺക്രീറ്റിട്ട് അടയ്ക്കാൻ ശ്രമിക്കന്നതിനിടെ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും പണി തടയുകയുമായിരുന്നു.തുടർന്ന് കെ.ആർ.എഫ്.ബി, ഊരാളുങ്കൽ,കെ.എസ്.ഇ.ബി അധികൃതരടക്കമുള്ളവർ സ്ഥലത്തെത്തി ചർച്ച നടത്തി.അഞ്ച് ദിവസത്തിനുള്ളിൽ അറ്റകുറ്റപ്പണി നടത്തി ലൈൻ പൂർവസ്ഥിതിയിലാക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയതായി വാട്ടർ അതോറിട്ടി സ്വീവേജ് വിഭാഗം അറിയിച്ചു.