തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടുപിടിച്ചതോടെ സ്ഥാനാർത്ഥികളുടെ പ്രചാരണവും കൊടുമ്പിരിക്കൊണ്ടു. അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കിഴക്കേകോട്ടയിൽ ആം ആ്ദമി പാർട്ടി നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു ഇടതുസ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ ഇന്നലെ പ്രചാരണം ആരംഭിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശി തരൂരിനെയും ഈ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം നേരത്തെ വന്നുപോവുകയായിരുന്നു.തുടർന്ന് പന്ന്യൻ,​ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഒ.എൻ.വി. കുറുപ്പിന്റെ വീട്ടിലെത്തി.ഒ.എൻ.വിയുടെ പത്നി സരോജിനി അമ്മയും മകൻ രാജീവും ചേർന്ന് സ്വീകരിച്ചു. കേരളത്തിൽ കമ്മ്യൂണിസ്റ്ര് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് കവി നൽകിയ നിസ്തുലമായ സംഭാവനകൾ പന്ന്യൻ അനുസ്മരിച്ചു. ചുരുങ്ങിയ നിമിഷങ്ങൾ ഇന്ദീവരത്തിൽ ചെലവിട്ട ശേഷം പന്ന്യൻ നേരെ പോയത് കമ്മ്യൂണിസ്റ്ര് ആചാര്യൻ ഇ.എം.എസിന്റെ മകൾ ഇ.എം.രാധയും ഭർത്താവ് ഗുപ്തനും താമസിക്കുന്ന വഴുതക്കാട്ടെ ഫ്ളാറ്റിലാണ്. ഐക്യകേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയെക്കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹം പങ്കുവച്ചു.കമ്മ്യൂണിസ്റ്ര് സഹയാത്രികനും കവിയുമായിരുന്ന പുതുശ്ശേരി രാമചന്ദ്രന്റെ വീട്ടിലെത്തിയ സ്ഥാനാർത്ഥിയെ മകൾ ഗീതയും മരുമകൻ ഡോ.കെ.എസ്.രവികുമാറും സ്നേഹപൂർവം സ്വീകരിച്ചു.സി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എസ്.കുമാരന്റെ വസതിയിലേക്കാണ് പന്ന്യൻ പിന്നീട് എത്തിയത്.കുമാരന്റെ ഭാര്യ ശാന്താംബികദേവിയും മകൻ എസ്.കെ.സന്തോഷും സ്ഥാനാർത്ഥിയെ സ്വീകരിച്ചു.മന്ത്രി ജി.ആർ.അനിലും പന്ന്യനൊപ്പമുണ്ടായിരുന്നു.

അടുത്ത യാത്ര തിരുവനന്തപുരം ലാ അക്കാഡമി ലാ കോളേജിലേക്കായിരുന്നു.വിദ്യാർത്ഥികൾ ഊഷ്മളമായ വരവേല്പാണ് അദ്ദേഹത്തിന് നൽകിയത്.സെൽഫിക്ക് പോസ് ചെയ്ത് വോട്ടഭ്യർത്ഥിച്ചു.വൈകിട്ട് 6ന് മുസ്ലീം അസോസിയേഷൻ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിലും പങ്കെടുത്തു. 7ന് ഓ ബൈ താമരയിൽ കേരളകൗമുദി സംഘടിപ്പിച്ച സ്ഥാനാർത്ഥി സംഗമത്തിലും പങ്കെടുത്തു.

ഇന്നലെ ശശി തരൂർ എം.പി കിഴക്കേകോട്ട ശ്രീചിത്ര പാർക്കിൽ നടന്ന ആം ആദ്മി പാർട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തു.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചായിരുന്നു പരിപാടി. ഡൽഹിയിലും കേരളത്തിലുമെല്ലാം ബി.ജെ.പി പൂജ്യം സീറ്റിൽ ഒതുങ്ങുമെന്നും ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് തിരുവനന്തപുരം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്തു. പിന്നീട് വിവിധ മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകുന്ന തിരക്കിലായിരുന്നു. വൈകിട്ട് പേരൂർക്കട കൗസ്തുഭം ഓഡിറ്റോറിയത്തിൽ നടന്ന വട്ടിയൂർക്കാവ് നിയോജക മണ്ഡലം സമ്മേളനത്തിൽ പങ്കെടുത്തു. തുടർന്ന് കേരളകൗമുദി സംഘടിപ്പിച്ച വിഷൻ 2030 കോൺക്ളേവിലും പങ്കെടുത്തു.

എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പൂജപ്പുര നടുതല ദേവീക്ഷേത്രത്തിൽ പൊങ്കാലയിൽ പങ്കെടുത്ത ശേഷമാണ് ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്.തുടർന്ന് പൂജപ്പുര ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു. അവിടെ ഉച്ചഭക്ഷണത്തിന് ശേഷം ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ മാദ്ധ്യമങ്ങളെ കണ്ടു. ഉച്ചയ്ക്ക് 3.30ന് ഹസൻ മരിക്കാർ ഹാളിൽ നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 9ാമത് വാർഷിക പരിപാടിയിൽ പങ്കെടുത്തു.രാത്രി 7ന് കേരളകൗമുദി സംഘടിപ്പിച്ച വിഷൻ 2030 കോൺക്ളേവിൽ പങ്കെടുത്തു. 9ന് ഐ.എം.എ തിരുവനന്തപുരം ബ്രാഞ്ചിന്റെ യോഗത്തിലും പങ്കെടുത്തു.