
പേരൂർക്കട: പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് മോഷണക്കേസിലെ പ്രതി ചാടിപ്പോയി.കൊല്ലം ചവറ സ്വദേശി ബിനുവാണ് ഇന്നലെ രാവിലെ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടത്.ബൈക്ക് മോഷണക്കേസിൽ അറസ്റ്റ് ചെയ്ത ബിനു ജയിലിൽ വച്ച് മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടർന്നാണ് ഇയാളെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ കഴിഞ്ഞദിവസം രാവിലെ കുളിക്കുന്നതിനുവേണ്ടി ജയിൽ ജീവനക്കാർ മറ്റ് തടവുപുള്ളികൾക്കൊപ്പം ബിനുവിനെയും സെല്ലിൽ നിന്ന് പുറത്തിറക്കിയപ്പോൾ ഇയാൾ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു.
കുളിക്കുന്നതിനു വേണ്ടി ഉടുത്ത തോർത്തുമുണ്ട് മാത്രമായിരുന്നു വേഷം. അർദ്ധനഗ്നനായി മതിൽ ചാടിക്കടന്ന ബിനു സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു.
വർക്ക്‌ഷോപ്പ് ജീവനക്കാരനായ ബിനുവിന്റെ പേരിൽ നിരവധി ബൈക്ക് മോഷണക്കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. വാഹന മെക്കാനിക്കായതിനാൽ ഇയാൾക്ക് ചാവിയില്ലെങ്കിലും ഏത് വാഹനവും എളുപ്പത്തിൽ സ്റ്റാർട്ട് ചെയ്ത് പോകാൻ കഴിയുമെന്ന് പൊലീസ് പറഞ്ഞു. ബിനു മതിൽ ചാടിക്കടന്ന് ബൈക്കിൽ കയറി രക്ഷപ്പെടുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ നൽകിയ പരാതിയിൽ പേരൂർക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.