
തിരുവനന്തപുരം:മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ച് കയറിയ കേസിലെ അഞ്ചാം പ്രതി അറസ്റ്റിൽ.പൂന്തുറ മാണിക്യവിളാകം പുതുവൽ പുത്തൻവീട് സ്വദേശി ശിവപ്രിയനെയാണ് (36) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽപ്പെട്ട എല്ലാ പ്രതികളും അറസ്റ്റിലായതായി നേമം പൊലീസ് അറിയിച്ചു. 24ന് പുലർച്ചെയായിരുന്നു സംഭവം.നേമം കല്ലിയൂർ, അയണിവിളയിലുള്ള റോഷൻ എന്നയാളുടെ വീട്ടിലാണ് പ്രതികൾ അതിക്രമിച്ചുകയറിയത്.ശിവപ്രിയന്റെ സുഹൃത്തിന്റെ വീട്ടിൽ കുറച്ചുനാൾ മുമ്പ് റോഷന്റെ സുഹൃത്ത് അതിക്രമിച്ച് കയറിയിരുന്നു. ഈ സുഹൃത്തിന്റെ വീട് റോഷൻ കാണിച്ച് കൊടുക്കാത്തതാണ് പ്രതിക്ക് റോഷനോട് വ്യക്തിവൈരാഗ്യം ഉണ്ടാവാൻ കാരണം. പ്രതി റോഷന്റെ തലയ്ക്ക് വെട്ടാൻ ശ്രമിച്ചു.ഇത് തടയാൻ ശ്രമിച്ചപ്പോൾ റോഷന്റെ വലത് കൈയ്ക്ക് വെട്ടേറ്റു. വീടിനുള്ളിലെ ഡൈനിംഗ് ടേബിൾ,ടി.വി, ആക്ടീവസ്കൂട്ടർ എന്നിവയും പ്രതികൾ അടിച്ചു തകർത്തു. പ്രതിയെ റിമാൻഡ് ചെയ്തു. മറ്റ് പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.