rahul-gandhi

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സ്ഥാനാർത്ഥിയായതോടെ, വയനാട്ടിലെ പോരാട്ടം ദേശീയ ശ്രദ്ധയിലേക്ക്. സി.പി.ഐ നേതാവ് ആനിരാജയും സ്ഥാനാർത്ഥിയായുണ്ടെങ്കിലും ദേശീയ തലത്തിൽ സി.പി.ഐയും കോൺഗ്രസും 'ഇന്ത്യ" മുന്നണിയിലാണ്. അതിനാൽ ദേശീയ തലത്തിൽ നോക്കുമ്പോൾ മത്സരം 'ഇന്ത്യ" മുന്നണിയും എൻ.ഡി.എയും തമ്മിലാണ്.

എം.പി എന്ന നിലയിൽ മണ്ഡലത്തിലെ രാഹുൽഗാന്ധിയുടെ പ്രകടനത്തിലെ വീഴ്ചകളും പ്രധാനമന്ത്രി മോദിയുടെ പ്രഭാവവും ഉപയോഗിച്ചാണ് സുരേന്ദ്രന്റെ പോരാട്ടം. പൗരത്വ നിയമ ഭേദഗതി മണ്ഡലത്തിൽ നിർണ്ണായകമായ മുസ്ലിം വോട്ടർമാരെ സ്വാധീനിക്കുമെന്നതാണ് രാഹുൽഗാന്ധിക്ക് കരുത്താകുക.

സംസ്ഥാനതല ഏകോപനവും

സുരേന്ദ്രൻ തന്നെ

കെ.സുരേന്ദ്രൻ വയനാട്ടിൽ സ്ഥാനാർത്ഥിയായെങ്കിലും സംസ്ഥാന പ്രസിഡന്റ് ചുമതല തത്കാലം ആർക്കും കൈമാറേണ്ടെന്നാണ് ബി.ജെ.പി തീരുമാനം. എന്നാൽ, സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മാറ്റം വരുത്തേണ്ടി വരും. മത്സരിക്കാനില്ലെന്ന കണക്കുകൂട്ടലിൽ സുരേന്ദ്രനാണ് പ്രചാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നത്.

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയാണെങ്കിലും അദ്ദേഹം കഴിവുറ്റ ടെക്നോക്രാറ്റും വ്യവസായിയുമാണ്. പത്തനംതിട്ടയിൽ അനിൽ ആന്റണി രാഷ്ട്രീയ കുടുംബത്തിൽ നിന്നാണെങ്കിലും അദ്ദേഹവും സാങ്കേതിക വിദഗ്ദ്ധനാണ്. കൊല്ലത്തെ കൃഷ്ണകുമാർ സിനിമാതാരമാണ്. എറണാകുളത്തെ കെ.എസ്.രാധാകൃഷ്ണൻ സൈദ്ധാന്തികനും സാമൂഹ്യ പ്രവർത്തകനുമാണ്. തൃശൂരിൽ സുരേഷ് ഗോപി സിനിമാതാരമാണ്. ആലത്തൂരിൽ വിദ്യാഭ്യാസ വിദഗ്ദ്ധയായ ഡോ. ടി.എൻ.സരസുവാണ് സ്ഥാനാർത്ഥി. ഇവർക്കെല്ലാം പ്രചാരണത്തിന് വൻ തോതിൽ പാർട്ടി സംഘടന സംവിധാനം ഇഴ ചേർത്തു നൽകിയില്ലെങ്കിൽ കാര്യങ്ങൾ കുഴയും.

സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീറിനാണ് പ്രചാരണച്ചുമതല. കൂടാതെ നാൽപതംഗ ടീമിനെ പ്രചാരണ വിഭാഗത്തിലേക്കും വിവിധ സ്ഥലങ്ങളിൽ യോഗങ്ങൾ നടത്താനും ചുമതലപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ദേശീയ നേതാക്കൾ സംസ്ഥാനത്ത് എത്തുന്നതോടെ, പ്രചാരണം കൂടുതൽ ശക്തമാവും.