കടയ്ക്കാവൂർ: ആലംകോട് - മീരാൻകടവ് റോഡിന്റെ പുനരുദ്ധാരണം അനന്തമായി നീളുന്നതായി പരാതി.പദ്ധതിയുടെ ഭാഗമായി 9 മീറ്റർ വീതിയിൽ മണനാക്ക് വരെ റോഡ് ടാറിട്ടു.മണനാക്കു നിന്ന് നിലയ്ക്കാമുക്ക് ചന്ത വരെ ഒച്ചിഴയും വേഗത്തിലായിരുന്നു നവീകരണം.നിലയ്ക്കാമുക്ക് ചന്ത ഭാഗത്ത് എത്തിയപ്പോൾ റോഡിന്റെ വീതി 7 മീറ്ററായി കുറഞ്ഞു.ഓട നിർമ്മാണവും നടന്നില്ല.
വീതി കൂട്ടാൻ റോഡിന്റെ ഇരുവശവുമുണ്ടായിരുന്ന വൻ തണൽ വൃക്ഷങ്ങൾ മുറിച്ചുമാറ്റി.
നാട്ടുകാരുടെ നേതൃത്വത്തിൽ നവംബറിൽ റോഡ് ഉപരോധിച്ച് സമരം നടത്തിയതിന്റെ ഫലമായി കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ അസിസ്റ്റന്റ് എൻജിനിയറെ വിളിച്ചുവരുത്തി നടത്തിയ ചർച്ചയിൽ 2023 ഡിസംബർ 15നകം പണി പൂർത്തിയാക്കാമെന്നും ഉറപ്പ് നൽകിയിരുന്നു.
എന്നാൽ രണ്ട് കിലോമീറ്റർ റോഡ് വെട്ടിപ്പൊളിച്ചിട്ടിട്ട് ഇപ്പോൾ ഏകദേശം അഞ്ച് മാസമായി.പൊടി ശല്യം കാരണം യാത്രക്കാരും പ്രദേശവാസികളും കച്ചവടക്കാരും ദുരിതത്തിലാണ്.
റോഡിന്റെ അവസ്ഥ കാരണം നാല്, അഞ്ച് ബസുകൾ മണനാക്കിൽ സർവീസ് അവസാനിപ്പിച്ച് മടങ്ങിപ്പോവുകയാണ്.ഇനിയും പണി വലിച്ചുനീട്ടാനാണ് അധികൃതർ ശ്രമിക്കുന്നതെങ്കിൽ ബഹുജനങ്ങളെ പങ്കെടുപ്പിച്ച് ജനകീയ പ്രക്ഷോഭത്തിന് കടയ്ക്കാവൂർ ജനകീയ പൗരസമിതി നേതൃത്വം നൽകുമെന്ന് കടയ്ക്കാവൂർ ജനകീയ പൗരസമിതി പ്രസിഡന്റ് എൻ.ബോസ് അറിയിച്ചു.