
കിളിമാനൂർ: എൽ.ഡി.എഫിന്റെ പോസ്റ്റർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പുളിമാത്ത് കമുകിൻകുഴിയിലുണ്ടായ ബി.ജെ.പി-ഡി.വൈ.എഫ്.ഐ സംഘർഷത്തിൽ ഒരു ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു. പുളിമാത്ത് മേഖലാക്കമ്മിറ്റി അംഗം കമുകിൻകുഴി പുതുവൽവിള പുത്തൻവീട്ടിൽ സുജിത്തിനാണ് (23) വെട്ടേറ്റത്. ബുധനാഴ്‌ച രാത്രി 11ഓടെയാണ് സംഭവം.
കമുകിൻകുഴി ജംഗ്ഷനിൽ പതിച്ചിരുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയിയുടെ പോസ്റ്റർ ചൊവ്വാഴ്ച പകൽ ആരോ നശിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകിട്ട് ഏഴോടെ സുജിത്ത് ഉൾപ്പെടെയുള്ള ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കാനെത്തിയപ്പോൾ ഇതേച്ചൊല്ലി ബി.ജെ.പി,ആർ.എസ്.എസ് പ്രവർത്തകരുമായി തർക്കമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് സുജിത്തിനെ രാത്രി വീടുകയറി മാതാപിതാക്കളുടെ മുന്നിൽ വച്ച് ആക്രമിച്ചത്. വെട്ടുകത്തിയും മൺവെട്ടിയും സിമന്റ് കട്ടയും ഉപയോഗിച്ചുള്ള ആക്രമണത്തിൽ കൈയ്‌ക്കും തലയ്‌ക്കും പരിക്കേറ്റ സുജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആർ.എസ്.എസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സുജിത്ത് പറയുന്നു. സംഭവ സ്ഥലത്തു നിന്ന് വെട്ടുകത്തി,ഇരുമ്പുവടി അടക്കമുള്ള ആയുധങ്ങൾ പൊലീസ് കണ്ടെത്തി. ആക്രമണസംഘത്തിലുണ്ടെന്ന് കരുതുന്ന രതീഷിനെ കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ശാരീരിക അസ്വസ്ഥതയെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച രതീഷിനെ ഉച്ചയോടെ ഡിസ്ചാർജ് ചെയ്‌ത് സ്റ്റേഷനിലെത്തിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.