
ബാലരാമപുരം: വേനൽ വറുതിയിൽ നീർത്തടങ്ങൾ വറ്റിവരണ്ടിട്ടും അധികൃതർക്ക് മിണ്ടാട്ടമില്ല. നീർത്തട സംരക്ഷണ നിയമങ്ങൾ നോക്കുകുത്തിയായി പഞ്ചായത്ത് പരിധിയിലെ നീരുറവകൾ അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയാണ്. ലക്ഷങ്ങൾ മുടക്കി നവീകരിച്ച ബാലരാമപുരം പഞ്ചായത്തിലെ കാഞ്ഞിരംകുളം, മാലിന്യത്തിന്റെ പിടിയിലായതോടെ പൂർണമായും ഉപയോഗശൂന്യമായി. വേനലിൽ കടുത്ത കുടിവെള്ളക്ഷാമമാണ് ഗ്രാമീണമേഖലയിൽ അനുഭവപ്പെടുന്നത്. അരുവിക്കര ഡാമിൽ നിന്നുള്ള കുടിവെള്ളം സിറ്റി കോർപ്പറേഷനിൽ വിതരണം നടക്കുന്നതിനാൽ തിരുവനന്തപുരം നഗരപരിധിയിലെ കൗൺസിൽ വാർഡുകളിൽ കുടിവെള്ളവിതരണം സുഗമമായി നടക്കുകയാണ്. ഗ്രാമീണ മേഖലയിൽ കനാലുകൾ പോലുള്ള നീറുറവകളിൽ നിന്നുമാണ് കിണറ്റിലേക്ക് ജലം ഊർന്നിറങ്ങുന്നത്. ബാലരാമപുരം പഞ്ചായത്തിലെ മിക്ക കുളങ്ങളും തകർച്ചയുടെ വക്കിലായതോടെ കാർഷിക മേഖലയും പ്രതിസന്ധി നേരിടുന്നുണ്ട്. ലക്ഷങ്ങൾ മുടക്കി ഇരിപ്പിടമുൾപ്പെടെയുള്ള സംവിധാനം കാഞ്ഞിരംകുളത്ത് നടപ്പാക്കിയെങ്കിലും അധികൃതരുടെ അനാസ്ഥമൂലം കുളം വീണ്ടും തകർച്ചാഭീഷണി നേരിടുകയാണ്. കുളത്തിലേക്ക് ഊർന്നിറങ്ങുന്ന മലിനജലം തടയുന്നതിനായി പൈപ്പുകൾ സ്ഥാപിച്ചെങ്കിലും അവ പൊട്ടിയതിനാൽ മലിനജലം വീണ്ടും കുളത്തിലേക്കു തന്നെ പതിക്കുകയാണ്. പൊട്ടിയ പൈപ്പുകൾ പുനഃസ്ഥാപിക്കാൻ വേണ്ട നടപടികൾ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നു ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
ഉപയോഗ ശൂന്യമാവുമ്പോൾ
നാട്ടുകാരുടെയും റസിഡന്റ്സ് അസോസിയേഷന്റെയും ശ്രമഫലമായാണ് വർഷങ്ങളായി കാടും വള്ളികളും പടർന്ന് ഉപയോഗശൂന്യമായ കുളത്തിന്റെ നവീകരണം ആരംഭിച്ചത്. കുളത്തിൽ അടിഞ്ഞുകൂടിയ ചെളിക്കെട്ടും മാലിന്യവും ആദ്യം നീക്കം ചെയ്തു. പൊട്ടിക്കിടന്ന പാർശ്വഭിത്തികൾ പുനർനിർമ്മിക്കുകയും കുളത്തിന് സമീപം വൈദ്യുതദീപങ്ങൾ സ്ഥാപിക്കുകയും ഇരിപ്പിടങ്ങൾ സജ്ജീകരിക്കുകയും ചെയ്തു. എന്നാൽ റോഡിൽ നിന്നും മലിനജലം കുളത്തിലേക്ക് പതിക്കുന്നത് പതിവായതോടെ കുളം ഉപയോഗശൂന്യമായി. കുളത്തിലെ മത്സ്യക്കൃഷിക്കും തിരിച്ചടിയായി. മീനുകൾ ചാവാൻ തുടങ്ങി. കനത്ത വേനലിൽ കുടിവെള്ളത്തിനും കൃഷിക്കും മറ്റുമായി ഒരു തുള്ളിവെള്ളമില്ലാതെ നാട്ടുകാർ നെട്ടോട്ടമോടുന്ന സാഹചര്യത്തിൽ കുളം സംരക്ഷിക്കുന്ന നടപടികളും കടലാസിലൊതുങ്ങുകയാണ്. കുളം സംരക്ഷണം ആവശ്യപ്പെട്ട് സന്നദ്ധസംഘടനകൾ നിരവധി പരാതികൾ പഞ്ചായത്തിന് കൈമാറിയിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ലെന്നാണ് നിലവിലെ ആക്ഷേപം. മുന്നണികൾ ഇലക്ഷൻ ചൂടിലായതോടെ പ്രതിഷേധങ്ങളും കെട്ടടങ്ങിയ നിലയിലാണ്.