വർക്കല: കേരളത്തെ സാഹസിക വിനോദസഞ്ചാര കേന്ദ്രമായി അടയാളപ്പെടുത്താൻ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര സർഫിംഗ് ഫെസ്റ്റിവലിന് വർക്കല ഇടവ ബീച്ചിൽ 29ന് തുടക്കമാകും.രാവിലെ 7ന് നടനും സർഫിംഗ് അത്‌ലറ്റുമായ സുദേവ് നായർ ഉദ്ഘാടനം ചെയ്യും.ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) വിഷ്ണുരാജ് അദ്ധ്യക്ഷത വഹിക്കും. 31ന് സമാപിക്കും.നൂറോളം സ്വദേശികളും വിദേശികളുമായ മത്സരാർത്ഥികൾ പങ്കെടുക്കും.ഇന്റർനാഷണൽ സർഫിംഗ് അസോസിയേഷൻ,കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി,ഡി.ടി.പി.സി, സർഫിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. വാട്ടർ സ്പോർട്സ് പ്രേമികൾക്ക് നേരിട്ടുള്ള അനുഭവം നേടാനും സർഫിംഗ് പരിശീലിക്കാനും അവസരമൊരുക്കും. ഓസ്ട്രേലിയയിൽ നിന്നുള്ള ഇന്റർനാഷണൽ സർഫിംഗ് അസോസിയേഷൻ പ്രതിനിധി റോറി സൈംസാണ് മത്സരങ്ങളുടെ മുഖ്യ വിധികർത്താവ്. വിജയികൾക്ക് ടൂറിസം സെക്രട്ടറി ബിജു.കെ സമ്മാനങ്ങൾ നൽകും. ടൂറിസം ഡയറക്ടർ പി.ബി. നൂഹ്, ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) വിഷ്ണു രാജ് എന്നിവർ പങ്കെടുക്കും.സമാപന സമ്മേളനത്തിൽ ടൂറിസം ജോയിന്റ് ഡയറക്ടർ അഭിലാഷ് .ടി. ജി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ രാജീവ്. ടി. എൽ, കെ.എ.ടി.പി.എസ് സി.ഇ.ഒ ബിനു കുര്യാക്കോസ്, ഡി.ടി.പി.സി സെക്രട്ടറി ശ്യാം കൃഷ്ണൻ, സർഫിംഗ് ഫെഡറേഷൻ ഒഫ് ഇന്ത്യ ഭാരവാഹികൾ എന്നിവരും സംബന്ധിക്കും.