തിരുവനന്തപുരം: ദീർഘകാലമായി തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റിന് സമീപത്ത് സ്ഥിതിചെയ്യുന്ന ട്രിവാൻഡ്രം ഹോട്ടൽ ഇനിമുതൽ പദ്മ കഫെ ആകും.ഇതിന്റെ ഉദ്ഘാടനം ഏപ്രിൽ 4ന് രാവിലെ 11ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നിർവഹിക്കും.എൻ.എസ്.എസിന്റെ ഏഴാമത്തെ പദ്മ കഫെയാണ് തലസ്ഥാനത്ത് വരുന്നത്.അടൂർ, പത്തനംതിട്ട,കൊട്ടാരക്കര,ചേർത്തല,ആലുവ,​ചങ്ങനാശേരി എന്നിവിടങ്ങളാണ് നിലവിൽ പദ്മ കഫേകളുള്ളത്.സസ്യഭക്ഷണ രംഗത്ത് മലയാളി രുചികളുമായി എൻ.എസ്.എസ് നടത്തുന്നതാണ് പദ്മ കഫെ. മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയാണ് പദ്മ കഫെയുടെ നടത്തിപ്പുകാർ.എൻ.എസ്.എസ് താലൂക്ക് യൂണിയൻ മുതൽമുടക്കി കെട്ടിടവും സൗകര്യങ്ങളും ഏർപ്പെടുത്തി നൽകും. സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായതിനാൽ ജീവനക്കാരിൽ ഏതാനും പേരൊഴികെ ബാക്കിയെല്ലാം വനിതകളാണ്.സൊസൈറ്റി അംഗങ്ങൾ കൃഷി ചെയ്ത് പച്ചക്കറി എത്തിച്ചാണ് പ്രവർത്തനം. വിപണിയിലേക്കാളും വില ലഭിക്കുമെന്നതാണ് നേട്ടം. പലവ്യഞ്ജനങ്ങളും കേന്ദ്രീകൃത പർച്ചേസിനു പകരം അതത് സ്ഥലങ്ങളിൽത്തന്നെ കണ്ടെത്തണം. മുതൽമുടക്കുന്ന താലൂക്ക് യൂണിയന് നിശ്ചിത തുക നൽകണം. സ്ഥലം കൂടാതെ ഓരോ സംരംഭത്തിനും 2 കോടിയിലേറെ മുതൽമുടക്ക് വരും.