
നെടുമങ്ങാട്: നാമനിർദേശപത്രിക സമർപ്പണത്തിന് തീയതി നിശ്ചയിച്ചതോടെ അപരൻമാരെയും സ്വാതന്ത്രരെയും കളത്തിലിറക്കി പ്രമുഖ മുന്നണികൾ.എതിർസ്ഥാനാർത്ഥിയുടെ പേരിനോട് സാമ്യമുള്ളവരെയും പോക്കറ്റ് വോട്ടുകൾ വീഴ്ത്താൻ കെല്പുള്ളവരെയും തെരഞ്ഞുപിടിക്കാൻ രഹസ്യ സ്‌ക്വാഡുകൾ രംഗത്തിറങ്ങിയതായാണ് റിപ്പോർട്ട്.എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ നാളെ ജില്ലാകളക്ടർ മുൻപാകെ പത്രിക സമർപ്പിക്കും.എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയി ഏപ്രിൽ മൂന്നിനും യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് നാലിനും പത്രിക സമർപ്പിക്കാനാണ് തീരുമാനം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പ്രതിഷേധ റാലിയുടെ സംഘാടനത്തിനായി ഓടിനടക്കുകയായിരുന്നു ഇന്നലെ വി.ജോയി.കിളിമാനൂരിൽ വീടുകയറിയുള്ള ആക്രമണത്തിൽ പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവർത്തകനെയും കുടുംബാംഗങ്ങളെയും സന്ദർശിച്ചു.ഇന്ന് ചിറയിൻകീഴ് മണ്ഡലത്തിൽ പ്രമുഖരെ കാണും.
കാട്ടാക്കട മണ്ഡലത്തിൽ കവലകളും ദേവാലയങ്ങളും സന്ദർശിക്കുന്ന തിരക്കിലായിരുന്നു അടൂർ പ്രകാശ്.കച്ചവട സ്ഥാപനങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചപ്പോൾ,കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തെക്കുറിച്ച് മാത്രമേ ജനങ്ങൾക്ക് സംസാരിക്കാൻ ഉണ്ടായിരുന്നുള്ളൂവെന്ന് സ്ഥാനാർത്ഥി ചൂണ്ടിക്കാട്ടി.തട്ടുകടകളിൽ ഇരുന്ന് ആഹാരം കഴിച്ചും മാർക്കറ്റിൽ വന്നവരോട് ക്ഷേമാന്വേഷണം നടത്തിയും സ്ഥാനാർത്ഥി മുന്നോട്ടു നീങ്ങി.പേയാട്,വിളപ്പിൽശാല,ആമച്ചൽ,തൂങ്ങാൻ പാറ,മാറനല്ലൂർ,കാട്ടാക്കട,മലയിൻകീഴ് എന്നിവിടങ്ങൾ സന്ദർശിച്ചു.അടൂർ പ്രകാശ് ഇന്ന് വർക്കല റെയിൽവേ സ്റ്റേഷൻ,വിളഭാഗം,പുത്തൻചന്ത,വെൺകുളം മാർക്കറ്റ്,പുന്നമൂട്,നാവായിക്കുളം ജുമാ മസ്ജിദ്, പള്ളിക്കൽ, മടവൂർ എന്നിവിടങ്ങളിൽ കവല സന്ദർശനം തുടരും.വൈകിട്ട് കല്ലമ്പലത്ത് നോമ്പ്തുറയിൽ പങ്കെടുക്കും.
വി.മുരളീധരൻ നെടുമങ്ങാട് മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യം ഉറപ്പിച്ച ദിവസമായിരുന്നു ഇന്നലെ.കാർഗിലിൽ വീരമൃത്യു വരിച്ച ധീരജവാൻ അഭിലാഷ്.ടി.നായിഡുവിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് പ്രചാരണം ആരംഭിച്ചത്. വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ ക്രൂരമർദ്ദനത്തെ തുടർന്ന് മരിച്ച സിദ്ധാർത്ഥിന്റെ വീട്ടിലെത്തി നീതി ഉറപ്പാക്കുംവരെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് മാതാപിതാക്കൾക്ക് വി.മുരളീധരൻ ഉറപ്പ് നൽകി.കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) നെടുമങ്ങാട് താലൂക്ക് യൂണിയൻ ഭാരവാഹികളെയും പ്രവർത്തകരെയും നേരിൽക്കണ്ട് പിന്തുണ തേടി.താലൂക്ക് ഭാരവാഹികളായ എം.സുകുവിന്റെയും രാജേഷ് നെട്ടിച്ചിറയുടെയും നേതൃത്വത്തിൽ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.ബി.ഡി.ജെ.എസ് നെടുമങ്ങാട് ഓഫീസിലും സന്ദർശനം നടത്തി.ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി അഡ്വ.പ്രദീപ് കുറുന്താളി,ജില്ലാ പ്രസിഡന്റ് പരുത്തിപ്പള്ളി സുരേന്ദ്രൻ,ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.വേണു കാരണവർ,മണ്ഡലം പ്രസിഡന്റ് സുരേഷ് നെട്ടിച്ചിറ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.സാംബവ സഭ സംസ്ഥാന പ്രസിഡന്റ് എ.സി.ബിനു കുമാർ,രക്ഷാധികാരി മഞ്ചയിൽ വിക്രമൻ എന്നിവരുമായും ആശയവിനിമയം നടത്തി.നഗരസഭയിലെ കുട്ടൻ കോളനി,ചാമവിള കോളനി, കരകുളം ശ്രീകുമാര നഗർ എന്നിവിടങ്ങളിൽ വോട്ട് തേടിയംത്തിയ മുരളീധരനു മുന്നിൽ സ്ഥലവാസികൾ അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ ഉന്നയിച്ചു.ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം പൂവത്തൂർ ജയൻ,കൗൺസിലർ താര ജയകുമാർ, മണ്ഡലം പ്രസിഡന്റ് ഹരിപ്രസാദ്,കുറക്കോട് ബിനു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.നഗരസഭയുടെ വിവിധ വാർഡുകളിൽ കവല സന്ദർശനവും നടത്തി.ചിറയിൻകീഴ് നടന്ന വികസന ചർച്ചയിൽ അഞ്ചുതെങ്ങ്,കടയ്ക്കാവൂർ,കഠിനംകുളം,ചിറയിൻകീഴ് മേഖലയിലെ വിഷയങ്ങൾ ചർച്ചയായി.വൈകിട്ട് കിളിമാനൂർ,കല്ലറ,പാലോട് എന്നിവിടങ്ങളിൽ നടന്ന പദയാത്രകളിൽ സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.