തിരുവനന്തപുരം: ദുഃഖവെള്ളി ദിനമായ ഇന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എൽ.ഡി.എഫ്,യു.ഡി.എഫ്,എൻ.ഡി.എ സ്ഥാനാർത്ഥികൾ പള്ളികളിലെ ചടങ്ങുകളിൽ പങ്കെടുക്കും.യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരും എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രനും രാവിലെ 7ന് പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലിൽ കുരിശിന്റെ വഴിയിൽ പങ്കെടുക്കും.പന്ന്യൻ ഉച്ചയ്‌ക്ക് 2ന് സ്പെൻസർ ജംഗ്ഷനിലെ പള്ളിയിലുമെത്തും.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ചരമവാർഷികാചരണത്തിലും മൂവരും ഇന്നലെ പങ്കെടുത്തിരുന്നു.
പന്ന്യൻ രവീന്ദ്രൻ ഇന്നലെ ചാല മാർക്കറ്റിലായിരുന്നു പ്രചാരണം നടത്തിയത്.റോസാപ്പൂക്കൾ നൽകിയും രക്തഹാരം അണിയിച്ചുമാണ് ചാലക്കമ്പോളം പന്ന്യനെ വരവേറ്റത്.അതിനുശേഷം പാളയം മാർക്കറ്റിലെത്തി.തൊഴിലാളികൾ,വീട്ടമ്മമാർ, കർഷകർ,വിദ്യാർത്ഥികൾ,ജീവനക്കാർ,യുവാക്കൾ തുടങ്ങിയ വിഭാഗങ്ങളെ കണ്ട് പന്ന്യൻ വോട്ടഭ്യർത്ഥിച്ചു.വൈകിട്ട് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ എൽ.ഡി.എഫ് പ്രതിഷേധ റാലിയിലും പങ്കെടുത്തു.
സർക്കാർ മാദ്ധ്യമങ്ങളെ വേട്ടയാടുന്നുവെന്നും ഈ കാലഘട്ടത്തിൽ നിർഭയ മാദ്ധ്യമപ്രവർത്തനത്തിന്റെ വക്താവായ സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ളയുടെ ജീവിതം നമുക്ക് നൽകുന്ന സന്ദേശം വലുതാണെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.തുടർന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു വേണ്ടി കൊച്ചാർ റോഡിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ പാർലമെന്റിലെ നേതാക്കൾക്കൊപ്പം പങ്കെടുത്തു. പിന്നീട് മരുതൻകുഴിയിലെ ബോധി എന്ന ലഹരിമുക്തി കേന്ദ്രം സന്ദർശിച്ചു.ലഹരിമുക്തികേന്ദ്രം കേന്ദ്ര സർക്കാർ അടച്ചുപൂട്ടുന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
പാപ്പനംകോട് ജംഗ്ഷനിലെ നേമം നിയോജകമണ്ഡലം കമ്മിറ്റി ഓഫീസിലെത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷമാണ് രാജീവ് ചന്ദ്രശേഖർ പ്രചാരണം തുടങ്ങിയത്. തുടർന്ന് എസ്റ്റേറ്റ് റോഡിലെ പി.എം ആവാസ് യോജന വഴി വീടുകൾ ലഭിച്ച ഗുണഭോക്താക്കളുടെ വീടുകൾ സന്ദർശിച്ചു.തുടർന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഡർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരും വിദ്യാർത്ഥികളുമായി സംവദിച്ചു.കരിമൺകുളം ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിലും പങ്കെടുത്തു.ഹോട്ടൽ ഹൈസിന്തിൽ ധനകാര്യ വിദഗ്ദ്ധരും വ്യവസായ പ്രമുഖരുമായി കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ നടത്തിയ കൂടിക്കാഴ്ചയിലും പങ്കെടുത്തു.വൈകിട്ട് 4ന് എൻ.ഡി.എ തിരുവനന്തപുരം മണ്ഡലം കൺവെൻഷനിലും പങ്കെടുത്തു.