
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ കഴിഞ്ഞ ദിവസം കാറിലെത്തിയ സംഘം നെയ്യാറ്റിൻകര മണലൂർ സ്വദേശി ആദിത്യനെ (23) നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റുചെയ്‌തു.
വെൺപകൽ പട്ട്യക്കാല പുത്തൻവീട് ജെ.എസ്.ഭവനിൽ ജിബിൻ (25),നെല്ലിമൂട് കണ്ണറവിള പെരിങ്ങോട്ടുകോണത്ത് മനോജ്(19),ചൊവ്വര ചപ്പാത്ത് ബഥേൽ ഭവനിൽ നിന്ന് കാത്തിരംകുളത്ത് വാടകയ്‌ക്ക് താമസിക്കുന്ന അഭിജിത്(18),കാഞ്ഞിരംകുളം കഴിവൂർ പെരുന്താന്നി തട്ട് നാല് പ്ലാവിള പുത്തൻവീട്ടിൽ സച്ചു എന്ന രജിത് (23) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെത്തിയ പ്രതികൾ തിരുനെൽവേലിയിൽ നിന്ന് നാഗർകോവിൽ ഭാഗത്തേക്ക് കാറിൽ പോകുമ്പോഴാണ് പൊലീസിന്റെ പിടിയിലായത്.
റൂറൽ എസ്.പി കിരൺ നാരായണിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അമ്മിണിക്കുട്ടൻ,ഇൻസ്‌പെക്ടർ വിപിൻ എ.സി,സബ് ഇൻസ്‌പെക്ടർ വിപിൻ കുമാർ,എ.എസ്.ഐ സരിത വി.എം,സി.പി.ഒ ലിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിന്തുടർന്ന് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു. പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് പുറമെ അന്യായമായ സംഘംചേരലിനും കേസെടുത്തിട്ടുണ്ട്. വാഹന ഇടപാടുമായി ബന്ധപ്പെട്ട് 20,000 രൂപ തിരികെ വാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനെ തുടർന്നാണ് ബൈക്കിൽ പോകുകയായിരുന്ന ആദിത്യനെ അക്രമിസംഘം തടഞ്ഞുനിറുത്തി വെട്ടിക്കൊലപ്പെടുത്തിയത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കളക്‌ഷൻ ഏജന്റായിരുന്നു ആദിത്യൻ. ബുധനാഴ്ച വൈകിട്ട് ആറോടെ കൊടങ്ങാവിള ചാനൽപാലത്തിന് സമീപമായിരുന്നു സംഭവം.
കേസിലെ ഒന്നാം പ്രതി ജിബിൻ പോക്സോ കേസിലെ പ്രതിയാണ്. ഇയാൾ ജയിൽശിക്ഷയ്‌ക്കുശേഷം കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്. കാർ സംഭവസ്ഥലത്തു തന്നെ ഉപേക്ഷിച്ച ശേഷമാണ് പ്രതികൾ രക്ഷപ്പെട്ടത്. കാറുടമ അച്ചു സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.