തിരുവനന്തപുരം: കരിക്കകം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയ്‌ക്കിടെ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മുഖ്യപ്രതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. ഒന്നാം പ്രതിയായ ചാക്ക സ്വദേശി ഉമേഷ് ബാബു (28),ചാക്ക സ്വദേശിയായ ചാച്ചുട്ടി എന്നറിയപ്പെടുന്ന പ്രമോദ്(35),കഴക്കൂട്ടം സ്വദേശി നിധിൻ രാജ് (25) എന്നിവരെയാണ് ഒളിവിൽ കഴിയവേ പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ രണ്ടാം പ്രതി ചാക്ക സ്വദേശിയായ പ്രകാശ് എന്ന മൊട്ട പ്രകാശ്,ആറാം പ്രതിയായ നന്ദു എന്നിവരെ നേരത്തെ പൊലീസ്‌ പിടികൂടിയിരുന്നു. കഴിഞ്ഞ 21ന് രാത്രിയായിരുന്നു സംഭവം.കരിക്കകം സ്വദേശികളായ ജയദേവൻ,വിഷ്ണുദാസ്,വിനീത് എന്നിവരെയാണ്‌ എട്ടംഗസംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്‌. മുൻ വൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണം.

ഗാനമേള നടക്കുന്നതിനിടെ മദ്യപിച്ചെത്തിയ പ്രതികൾ ജയദേവനും സുഹൃത്തുക്കളുമായി തർക്കമുണ്ടായി.തുടർന്ന് തർക്കം അവസാനിപ്പിച്ച് പോകാൻ നിന്ന ജയദേവനെ കൈയേറ്റം ചെയ്ത് എട്ടംഗ സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ജയദേവനെ ഉൾപ്പെടെ മൂന്നുപേരെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു.ഇതിൽ ജയദേവന്റെ തലയ്ക്ക് ആഴത്തിൽ മുറിവേറ്റു.രക്ഷപ്പെടാൻ ശ്രമിച്ച ജയദേവനെയും സുഹൃത്തുക്കളെയും പ്രതികൾ പിന്നാലെ ഓടിച്ചെന്ന് വീണ്ടും വളഞ്ഞിട്ട് ആക്രമിച്ചു.വെട്ടിയതിന് പുറമേ ഇരുമ്പ് ചുറ്റിക കൊണ്ട് തലയ്ക്കും അടിച്ചു.അടിയിൽ വിഷ്ണുദാസിന് ഗുരുതരമായി പരിക്കേറ്റു.ഇത് കൂടാതെ വീനിതിന്റെ ദേഹത്ത് പാറക്കല്ലു കൊണ്ടും പ്രതികൾ ഇടിച്ച് പരിക്കേൽപ്പിച്ചു. അറസ്റ്റിലായ പ്രതികളെ റിമാൻഡ് ചെയ്തു.ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം നടക്കുകയാണ്.