e

ആഗോളവത്‌ക്കരണം ലോകത്താകമാനം പല മാറ്റങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. അതിൽ ജനങ്ങൾക്ക് ഗുണകരമായതും ദോഷകരമായതുമായ മാറ്റങ്ങൾ അടങ്ങിയിരിക്കുന്നു. ജനങ്ങളുടെ ജീവിത രീതിയിലും ഭക്ഷണക്രമത്തിലും പണം ചെലവഴിക്കുന്ന രീതിയിലുമൊക്കെ വിപ്ളവകരമായ മാറ്റങ്ങളാണ് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങൾക്കുള്ളിൽ ലോകമാകെ നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ മാറ്റം കേരളത്തിലും അലയടിച്ചിട്ടുണ്ട്. പണ്ട് വല്ലപ്പോഴുമായിരുന്ന ഹോട്ടൽ ഭക്ഷണം ഇപ്പോൾ കുടുംബങ്ങളിൽ ഏതാണ്ട് നിത്യവും എന്നപോലെ ആയി മാറിയിരിക്കുന്നു. മലയാളിയുടെ പരമ്പരാഗത ഭക്ഷണങ്ങൾ തീൻമേശയിൽ കുറഞ്ഞുവരികയാണ്. കബൂസും, ബർഗറും പിസയുമൊക്കെ പുതിയ തലമുറയുടെ ഇഷ്ടഭക്ഷണങ്ങളായി മാറിയിരിക്കുന്നു. ചോറും കറികളുമൊക്ക പഴങ്കഥയായി മാറാൻ ഇനി എത്രകാലം എന്ന് പോലും സംശയിക്കത്തക്ക രീതിയിലാണ് ഭക്ഷണശീലങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റം.

വീട്ടിലിരുന്ന് ഓർഡർ ചെയ്ത് ഭക്ഷണം വരുത്താമെന്നായതോടെ ഏതു നേരത്തും ഹോട്ടൽ ഭക്ഷണത്തിന് വീട്ടിലേക്ക് കടന്നുവരാമെന്ന സ്ഥിതിയുമായിരിക്കുന്നു. പുതിയ കാലത്തിന്റെ ഈ മാറ്റങ്ങളെ അപ്പടി നിരാകരിക്കാൻ ആർക്കും കഴിയില്ല. എന്നാൽ ആവശ്യത്തിനുള്ളതു മാത്രം ഓർഡർ ചെയ്യുക, അധിക ഭക്ഷണം വെറുതേ വലിച്ചെറിയാതിരിക്കുക തുടങ്ങിയവയിൽ എല്ലാവരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്നതിലേക്ക് വിരൽചൂണ്ടുന്നതാണ് ഐക്യരാഷ്ട്ര സംഘടന പ്രസിദ്ധീകരിച്ച ഫുഡ് വെയ്‌സ്റ്റ് ഇൻഡക്‌സ് റിപ്പോർട്ട്. 2024-ൽ പ്രസിദ്ധീകരിച്ചതാണ് റിപ്പോർട്ടെങ്കിലും ഇതിൽ പറഞ്ഞിരിക്കുന്നത് 2022-ലെ കണക്കുകളാണ്. ലോകം ഒരു വർഷം വെറുതേ വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണമാണ് എന്ന ഞെട്ടിപ്പിക്കുന്ന വിവരം അടങ്ങുന്നതാണ് ഈ റിപ്പോർട്ട്. ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്ന 80 കോടിയോളം പേർ വസിക്കുന്ന ഇതേ ഭൂമിയിൽ തന്നെയാണ് 78 കോടിപ്പേർക്ക് ഒരു നേരത്തേക്കുള്ള ഭക്ഷണം പ്രതിദിനം പാഴാകുന്നത്. ആളുകൾ പലപ്പോഴും ആവശ്യത്തിലധികം ഭക്ഷണം അളവില്ലാതെ വാങ്ങിക്കൂട്ടുന്നു. മിച്ചം വരുന്നത് ആർക്കും പ്രയോജനപ്പെടാതെ വേസ്‌‌റ്റാകുന്നു.

ഭക്ഷണം അതിന് ചെലവാകുന്ന പണവും പാഴാവുകയാണ്. പാഴായ ഭക്ഷണത്തിന്റെ വില മാത്രം 83 ലക്ഷം കോടി രൂപ വരുമെന്നാണ് യു.എൻ റിപ്പോർട്ടിൽ പറയുന്നത്. ലോക വിപണിയിൽ ലഭ്യമായ ഭക്ഷണത്തിന്റെ അഞ്ചിലൊന്ന് വരും ഇത്. ഭക്ഷണം ഏറ്റവും കൂടുതൽ പാഴാക്കുന്നത് വീടുകളാണ്. ആകെ പാഴാക്കിയ ഭക്ഷണത്തിന്റെ 60 ശതമാനവും വീടുകളിൽ നിന്ന് കുപ്പത്തൊട്ടിയിൽ വലിച്ചെറിഞ്ഞതാണ്. റസ്റ്റോറന്റുകൾ, കാന്റീനുകൾ, ഹോട്ടലുകൾ എന്നിവയുടെ പങ്ക് 28 ശതമാനം വരും. ബാക്കി 12 ശതമാനം കശാപ്പുശാലകളുടെയും പച്ചക്കറിക്കടകളുടെയും വകയാണ്.

ഒരു വശത്ത് കൊടും പട്ടിണിയും ദാരിദ്ര്യ‌വും നടമാടുന്ന ഇതേ ലോകത്ത് മറുവശത്ത് ഇത്രയധികം ഭക്ഷണം പാഴാക്കുന്നതിനെ ആഗോള ദുരന്തം എന്നാണ് റിപ്പോർട്ടിൽ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ഫുഡ് ബാങ്കിന്റെ ദുബായ് മാതൃക പല രാജ്യങ്ങൾക്കും പിന്തുടരാവുന്ന ഒന്നാണ്. അവിടെ പ്രധാന സൂപ്പർ മാർക്കറ്റുകൾക്ക് മുന്നിൽ ഫുഡ് ബാങ്കിന്റെ ഫ്രീസറുകൾ സ്ഥാപിക്കും. സൂപ്പർ മാർക്കറ്റുകളിൽ കാലാവധി കഴിയാറാകുന്ന ഭക്ഷണ പായ്‌ക്കറ്റുകൾ ഈ ഫ്രീസറുകളിലേക്ക് മാറ്റും. വിശക്കുന്ന ആർക്കും ഇത് സൗജന്യമായി എടുത്ത് പാകം ചെയ്ത് കഴിക്കാം. ഇതിന് പുറമെ പാകം ചെയ്തതിൽ അധികം വന്ന ഭക്ഷണവും വീട്ടുകാർക്ക് പായ്ക്കറ്റുകളിലാക്കി ഇവിടെ കൊണ്ടുവന്ന് വയ്ക്കാം. ഇത്തരം മാർഗങ്ങളെക്കുറിച്ച് കേരളവും ചിന്തിച്ചു തുടങ്ങേണ്ട സമയമായി.